ബലേനോ കൂടുതൽ ഹൈടെക്കാവും; ഒ.ടി.എ അപ്ഡേറ്റിലൂടെ ഫീച്ചറുകൾ കൂട്ടിച്ചേർത്ത് മാരുതി

മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലറായ ബലേനോയിൽ കൂടുതൽ ഫീച്ചറുകൾ വരുന്നു. ഒ.ടി.എ അപ്ഡേറ്റിലൂടെയാണ് പുതിയ ഫീച്ചറുകൾ വാഹനത്തിൽ കൂട്ടിച്ചേർക്കുന്നത്. സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാണ് ഒ.ടി.എ അഥവാ ‘ഓവർ ദി എയർ’എന്ന് പറയുന്നത്.

നെക്സ്റ്റ് ജെൻ സുസുകി കണക്റ്റ് വഴിയും കമ്പനിയുടെ പ്രൊപ്രൈറ്ററി മൊബൈൽ ആപ്പിലൂടെയും നിരവധി കണക്റ്റഡ് ഫീച്ചറുകളാണ് ബലേനോയിലെ സ്മാർട്ട്പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നത്. പുതിയ അപ്ഡേഷൻ വഴി വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേയിലെ ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ പോലുള്ള സവിശേഷതകൾ ലഭിക്കും.

ഏറ്റവും പുതിയ ഫേംവെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് ഉടമകൾക്ക് ഈ സവിശേഷതകൾ പ്രവർത്തനക്ഷമമാക്കാനാകും. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ സ്മാർട്ട്പ്ലേ പ്രോ പ്ലസ് സിസ്റ്റത്തിനായുള്ള സ്മാർട്ട്ഫോൺ അപ്ഡേറ്റുകൾ വഴിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പുതിയ സംവിധാനം വരുന്നതോടെ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉപയോഗിച്ച് ഉടമകൾക്ക് അവരുടെ സ്മാർട്ട്ഫോൺ ഇന്റർഫേസ് ബലേനോയുടെ 9 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ വയർലെസ് ആയി ബന്ധിപ്പിക്കാനാവും. നേരത്തേ ഇതിനായി യു.എസ്.ബി കേബിൾ വഴി ഫോൺ സിസ്റ്റത്തിലേക്ക് പ്ലഗ് ചെയ്യണമായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി ബലേനോ. 2022 നവംബർ മാസം മോഡലിന്റെ ഏകദേശം 21,000 യൂനിറ്റുകൾ വിറ്റഴിച്ചിരുന്നു. രാജ്യത്ത് നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന വാഹനം എന്ന ബഹുമതിയും ഈ പ്രീമിയം ഹാച്ച്ബാക്കിനുള്ളതാണ്. ഈ വർഷം മാരുതി ബലേനോയെ പരിഷ്ക്കരിച്ചിരുന്നു.

താങ്ങാനാവുന്ന വില, മികച്ച പെർഫോമൻസ്, ഉയർന്ന ഇന്ധനക്ഷമത, നല്ല റീസെയിൽ വാല്യൂ, കൂടാതെ ധാരാളം സാങ്കേതിക വിദ്യകൾ എന്നിവ ബലേനോയെ വേറിട്ടുനിർത്തുന്ന ഘടകങ്ങളാണ്. 6 എയർബാഗുകൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, സ്മാർട്ട്പ്ലേ പ്രോ പ്ലസ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് പുതിയ മോഡലിലെ പ്രധാന സവിശേഷതകൾ.

1.2 ലിറ്റർ K12 4-സിലിണ്ടർ എഞ്ചിനാണ് വാഹനത്തിൽ. 90 bhp കരുത്തിൽ 113 Nm ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓപ്ഷനുമായാണ് ഗിയർബോക്‌സ് സംവിധാനം വരുന്നത്. ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, സിട്രൺ C3, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ബലേനോയുടെ എതിരാളികൾ. 6.42 ലക്ഷം രൂപ മുതൽ 9.60 ലക്ഷം രൂപ വരെയാണ് ബലേനോയുടെ വില.

Tags:    
News Summary - Maruti Suzuki Baleno gets new features via OTA update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.