സെലേറിയോ ഹാച്ച്ബാക്കിെൻറ സി.എൻ.ജി പതിപ്പുമായി മാരുതി. പെട്രോൾ സെലേറിയോയുടെ എൽഎക്സ്ഐ വേരിയന്റിലാണ് സി.എൻ.ജി വകഭേദം ഒവുക്കിയിരിക്കുന്നത്. മാരുതിയുടെ ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായാണ് പുതിയ സെലേറിയോ എത്തുന്നത്. 6.58 ലക്ഷമാണ് വാഹനത്തിെൻറ വില. പെട്രോൾ വാഹനത്തേക്കാൾ 95,000 രൂപ കൂടുതലാണിത്. 35.60 km/kg നിരത്തിൽ ഇന്ധനക്ഷമത ലഭിക്കും. ഹ്യുണ്ടായ് സാൻട്രോ സിഎൻജിയും വരാനിരിക്കുന്ന ടാറ്റ ടിയാഗോ സിഎൻജിയുമായിരിക്കും പ്രധാന എതിരാളികൾ.
എഞ്ചിൻ വിശദാംശങ്ങൾ
പെട്രോൾ കാറിലെ അതേ 1.0-ലിറ്റർ K10C ഡ്യുവൽജെറ്റ് എഞ്ചിനാണ് സി.എൻ.ജി പതിപ്പിനും നൽകിയിരിക്കുന്നത്. സിഎൻജിയിൽ ഓടുമ്പോൾ സെലേറിയോക്ക് 57 എച്ച്‌പി കരുത്തും 82.1 എൻഎം ടോർക്കും ലഭിക്കും. പെട്രോളിനേക്കാൾ 10 എച്ച്‌പിയും 6.9 എൻഎമ്മും കുറവാണ്.
5-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. അതേസമയം പെട്രോളിൽ പ്രവർത്തിക്കുന്ന സെലേറിയോയ്ക്ക് 5-സ്പീഡ് എഎംടിയും വാഗ്ദാനം ചെയ്യുന്നു. ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകളുള്ള പുതിയ എഞ്ചിനിൽ സിഎൻജി സംയോജിപ്പിക്കുന്നത് വെല്ലുവിളിയായിരുന്നില്ലെന്ന് എംഎസ്‌ഐഎൽ ചീഫ് ടെക്‌നോളജി ഓഫീസർ സിവി രാമൻ പറഞ്ഞു.
പെട്രോൾ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, സിഎൻജിയിൽ പ്രവർത്തിക്കുന്ന സെലേറിയോയ്ക്ക് ഇന്റീരിയർ ഡിസൈനിലോ എക്സ്റ്റീരിയറിലോ ശ്രദ്ധേയമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. പെട്രോൾ വാഹനത്തിൽനിന്ന് വേർതിരിച്ചറിയാൻ ടെയിൽ ഗേറ്റിൽ അധിക എസ്-സിഎൻജി ബാഡ്ജ് മാത്രമാണ് വ്യത്യാസം. കൂടാതെ, സിഎൻജി ടാങ്ക് ബൂട്ടിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ, സെലേറിയോ സിഎൻജിക്ക് കാര്യമായ അളവിൽ കാർഗോ സ്‌പേസ് നഷ്ടപ്പെടും.
വി.എക്സ്.െഎ ട്രിമ്മിലെ എല്ലാ ഫീച്ചറുകളും വാഹനത്തിലുണ്ട്. എയർ കണ്ടീഷനിംഗ്, സെൻട്രൽ ലോക്കിങ്, പവർ വിൻഡോകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിങ് മിററുകൾ, സ്പ്ലിറ്റ്-ഫോൾഡിങ് റിയർ സീറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷാ കിറ്റിൽ ഇരട്ട എയർബാഗുകൾ, എബിഎസ്, പിൻ പാർക്കിങ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡാണ്.
കൂടുതൽ മാരുതി സിഎൻജി മോഡലുകൾ അണിയറയിൽ
സെലേറിയോയെ പിന്തുടർന്ന്, മാരുതി സുസുകിയുടെ അരീന നിരയിലുള്ള കാറുകളിൽ നിന്ന് സ്വിഫ്റ്റ്, ഡിസയർ, വിറ്റാര ബ്രെസ്സ എന്നിവക്കും സി.എൻ.ജി നൽകാനുള്ള സാധ്യതയുണ്ട്. മൂന്ന് കാറുകളുടെയും സി.എൻ.ജിപതിപ്പുകൾ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ നെക്സ മോഡലുകളിലും സി.എൻ.ജി കിറ്റുകൾ വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്ന് മാരുതി സുസുക്കി നേരത്തെ പറഞ്ഞിരുന്നു. ഇഗ്‌നിസ്, എക്‌സ്‌എൽ6, ബലെനോ എന്നിവയുടെ സിഎൻജി മോഡലുകൾ ഭാവിയിൽ വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.