കാറുകളിൽ ആറ് എയർബാഗുകൾ; വില ഉയരുന്നത് വാഹനങ്ങളുടെ വിൽപനയെ ബാധിക്കുമെന്ന് മാരുതി സുസുക്കി ചീഫ്

പാസഞ്ചർ വാഹനങ്ങളിൽ ആറു എയർ ബാഗുകൾ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കാറുകളുടെ വിൽപനയെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്യത്തെ മുൻനിര കാർ വിൽപനക്കാരായ മാരുതി സുസുക്കിയുടെ ചെയർമാൻ ആർ.സി. ഭാർഗവ. കാറുകളുടെ വില ഉയരാനും വലിയൊരു വിഭാഗത്തെ കാർ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും കാരണമാകും.

ചെറുതും വില കുറഞ്ഞതുമായ കാറുകളുടെ വിൽപനയെ ബാധിക്കുമെന്നും ഉയർന്ന ഉൽപാദന ചെലവ് അഭിമുഖീകരിക്കുന്ന കമ്പനികളെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും ഭാർഗവ പറഞ്ഞു. രാജ്യത്തെ റോഡുകളിൽ അപകടമരണം വർധിക്കുന്നത് കണക്കിലെടുത്താണ് 2022 ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് നിർമിക്കുന്ന പാസഞ്ചർ കാറുകളിൽ ആറു എയർ ബാഗുകൾ നിർബന്ധമാക്കാനുള്ള കരടു നിർദേശം കേന്ദ്രം പുറത്തിറക്കിയത്.

കോവിഡ് മഹാമാരിയിൽ രാജ്യത്ത് ചെറിയ കാറുകളുടെ വിൽപനയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾകൂടി വരുന്നതോടെ വിൽപന പിന്നെയും കുറയും. അതേസമയം ആഡംബര കാറുകളുടെ വിൽപനയിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ കാർ വിപണിയാണ് ഇന്ത്യ. 30 ല‍ക്ഷം കാറുകളാണ് ഒരു വർഷം രാജ്യത്ത് വിറ്റുപോകുന്നത്. ഇതിൽ വലിയൊരു വിഭാഗവും മാരുതി സുസുക്കി കമ്പനിയുടെ കാറുകളാണ്.

നേരത്തെ തന്നെ കാറുകളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും എയർബാഗ് നിർബന്ധമാണ്. കൂടാതെ, ഒരു കാറിൽ നാലു എയർബാഗുകൾ കൂടി അധികമായി ഘടിപ്പിക്കുന്നതിന് 17,600 രൂപയോളം ചെലവ് വരുമെന്നാണ് ഓട്ടോ മാർക്കറ്റ് ഡാറ്റ ദാതാക്കളായ ജാറ്റോ ഡൈനാമിക്സ് പറയുന്നത്. ചെലവ് ഉയരാനുള്ള സാധ്യതയും കൂടുതലാണ്. അധിക എയർബാഗുകൾ ഘടിപ്പിക്കാനായി കാർ ഘടനയിലും മറ്റും രൂപമാറ്റങ്ങൾ വരുത്തേണ്ടി വരും. ഇത് ചെലവ് വർധിപ്പിക്കുമെന്നും ജാറ്റോ പ്രസിഡന്‍റ് രവി ഭാട്ടിയ പറഞ്ഞു.

സർക്കാർ കണക്കുകൾ പ്രകാരം 2020ൽ രാജ്യത്ത് 3,55,000 വാഹനാപകടങ്ങളിലായി 1,33,000 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 13 ശതമാനവും കാർ യാത്രക്കാരായിരുന്നു.

Tags:    
News Summary - Maruti Suzuki Chief Says Mandatory Airbag Proposal To Hurt Passenger Vehicles' Sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.