ഗ്രാൻഡ് വിറ്റാര എസ്.യു.വിയുടെ ലാറ്റിൻ അമേരിക്കയിലേക്കുള്ള കയറ്റുമതി മാരുതി സുസുക്കി ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് ഇവിടേക്കുള്ള ആദ്യ കയറ്റുമതി കഴിഞ്ഞ ദിവസം നടന്നു. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ എന്നിവയിലുടനീളമുള്ള 60 ലധികം രാജ്യങ്ങളിലേക്ക് മോഡൽ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2022ൽ 2.6 ലക്ഷത്തിലധികം വാഹനങ്ങളുടെ കയറ്റുമതിയാണ് മാരുതി സുസുക്കി രജിസ്റ്റർ ചെയ്തത്. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്.2022 ജൂലൈയിലാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര കമ്പനി അവതരിപ്പിച്ചത്. നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് കാറിന്‍റെ വിൽപന.
'ആഭ്യന്തര വിപണിയിൽ മികച്ച പ്രതികരണമാണ് ഗ്രാൻഡ് വിറ്റാരക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത ഗ്രാൻഡ് വിറ്റാരക്ക് വിദേശ വിപണികളിലും സമാനമായ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗ്രാൻഡ് വിറ്റാര ഉൾപ്പെടുത്തുന്നതിലൂടെ കയറ്റുമതി ചെയ്യുന്ന മോഡലുകളുടെ എണ്ണം 17 ലേക്ക് ഉയരും.
ഇന്ത്യയിലെ മുൻനിര പാസഞ്ചർ വാഹന കയറ്റുമതിക്കാരെന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്' - മാരുതി സുസുക്കി ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ ഹിസാഷി ടകൂച്ചി പ്രസ്താവനയിൽ പറഞ്ഞു.
ടൊയോട്ടയുമായി സഹകരിച്ചാണ് ഗ്രാൻഡ് വിറ്റാര നിർമ്മിച്ചിരിക്കുന്നത്. ഹൈറൈഡർ എന്ന പേരിൽ ടൊയോട്ടയും ഇതേ വാഹനം വിപണിയിലെത്തിച്ചിട്ടുണ്ട്. പെട്രോൾ മോഡലിന് 28 കിലോമീറ്ററിലധികം മൈലേജ് അവകാശപ്പെടുന്ന വാഹനം സെഗ്‌മെന്റിലെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനാണെന്നാണ് കമ്പനി പറയുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.