ഇന്ത്യക്കാർ ഏറെ നാളായി കാത്തിരിക്കുന്ന മാരുതി സുസുകിയുടെ എസ്.യു.വിയാണ് ജിംനി. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയെന്നോ ഓഫ് റോഡ് വാഹനമെന്നോ വിശേഷിപ്പിക്കാവുന്ന ജിംനിയുടെ രാജ്യത്തെ അവതരണം സ്ഥിരീകരിക്കാൻ സമയമായെന്നാണ് സൂചന. 2023 ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയ്‌ക്കായി നിർമ്മിച്ച ജിംനി അരങ്ങേറ്റം കുറിക്കുമെന്ന് 'ഓട്ടോക്കാർ ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ജിംനിയുടെ മൂന്ന് ഡോര്‍ മോഡലും അഞ്ച് ഡോര്‍ പതിപ്പും ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. അഞ്ച് ഡോര്‍ പതിപ്പാകും രാജ്യത്ത് എത്തുകയെന്നാണ് റിപ്പോർട്ട്.
കയറ്റുമതി വിപണികൾക്കായി ജിംനി 3-ഡോർ ഇതിനകം തന്നെ ഇന്ത്യയിലെ സുസുകി ഫാക്ടറികളിൽ നിർമിച്ചിട്ടുണ്ട്. ജിംനി സിയേറയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫൈവ് ഡോര്‍ വാഹനം ഒരുങ്ങുക. വീല്‍ബേസ് 300 എം.എം ഉയരുമെന്നും ഇതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിംനിക്കുള്ളത്.
അകത്തളത്തിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, വിദേശത്ത് വിൽക്കുന്ന ജിംനിയിലെ 7 ഇഞ്ച് യൂനിറ്റിന് പകരം 9 ഇഞ്ചുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇന്ത്യൻ പതിപ്പിൽ എത്തും. ലുക്കിലും ഫീച്ചറുകളിലും ത്രീ ഡോര്‍ ജിംനിക്ക് സമാനമാണ് പുതിയ ഫൈവ് ഡോര്‍ മോഡലും. അതേസമയം, മുന്നിലെ ബമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കാം. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ ഇവയിലെ പുതുമകളാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എ.സി.വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഫീച്ചറുകളിലെ ഹൈലൈറ്റാകും.
മാരുതിയുടെ K15C 1.5-ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിനാണ് ജിംനിയിൽ വരുന്നത്. വിദേശത്ത് വിൽക്കുന്ന മൂന്ന് വാതിലുകളുള്ള ജിംനിയിൽ K15B പവർ പ്ലാന്റാണ് ഉപയോഗിക്കുന്നത്. K15C എഞ്ചിന്റെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റമാകും ജിംനിയിലൂടെ നടക്കുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോ എന്നീ ഗിയർബോക്സുകൾ ഉൾപ്പെടാം. രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഥാറിന് സമാനമായി ഫോർ വീൽ ഡ്രൈവും വാഹനത്തിന് ഉണ്ടാകും. എഞ്ചിൻ 100 ബി.എച്ച്.പി. പവറും 130 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ജിംനി മാരുതി സുസുകിയുടെ നെക്‌സ ഔട്ട്‌ലെറ്റുകൾ വഴിയാകും വിൽക്കുക. മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂർഖയുമായിരിക്കും എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.