ആഹ്ലാദിപ്പിൻ അർമാദിപ്പിൻ; 10 ലക്ഷത്തിൽ താഴെ വിലക്ക് ജിംനി, പ്രൈസ് ഇൻവോയ്സ് ഓൺലൈനിൽ?

വാഹനപ്രേമികൾ ഏറെക്കാലമായി കാത്തിരിക്കുന്ന മാരുതി സുസുകി ജിംനിയുടെ വിലവിവരം ചോർന്നതായി സൂചന. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ജിംനിയുടെ ഏറ്റവും കുറഞ്ഞ മോഡലിന് 10 ലക്ഷത്തിൽ താഴെയായിരിക്കും എക്സ്ഷോറൂം വില. ഫ്രോങ്സ് കോംപാക്ട് എസ്‌.യു.വിയുടെ അവതരണത്തിന് ശേഷം ജിംനിയുടെ വില മാരുതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

വരാനിരിക്കുന്ന ഫൈവ് ഡോർ മഹീന്ദ്ര ഥാർ, ഫൈവ് ഡോർ ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കെതിരേയായിരിക്കും ജിംനി വിപണിയിൽ മത്സരിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ജിംനിയുടെ പ്രൈസ് ഇൻവോയ്‌സ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വാഹനച്ചെലവ്, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, ഹാൻഡ്ലിങ് ചാർജുകൾ എന്നിവയുടെ ആകെത്തുകയാണ് ഇൻവോയ്സിലുള്ളത്. ഇൻവോയ്സ് സൂചിപ്പിക്കുന്നത് പ്രകാരം 9,41,866 രൂപയാണ് ജിംനിയുടെ അടിസ്ഥാന മോഡലിന്റെ എക്സ്ഷോറൂം വി. അതോടൊപ്പം 1,31,861 രൂപയാണ് ജി.എസ്.ടി ടാക്സ് കണക്കിൽ വരുന്നത്. ഏറ്റവും ഉയർന്ന മോലിന്റെ എക്സ്ഷോറൂം വില 13,65,705 രൂപയാണ്. ഈ മോഡലിന്റെ ഓൻറോഡ് വില 16 ലക്ഷത്തിന് അടുത്തുവരും.

പുറത്തുവന്ന വിലവിവരം അനുസരിച്ച് ത്രീ ഡോർ മഹീന്ദ്ര ഥാർ ഫോർവീൽ പതിപ്പിന് സമാനമായ വിലയിലാണ് ജിംനി ലഭ്യമാവുക. മഹീന്ദ്രയുടെ ഥാർ ടു വീൽ ഡ്രൈവ് വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10 ലക്ഷത്തിൽ നിന്നുമാണ്. മഹീന്ദ്രക്ക് സമാനമായ വിലനിർണയത്തിലൂടെ വിപണിയിൽ കടുത്ത മത്സരം ഉയർത്താനാണ് മാരുതിയുടെ ശ്രമമെന്നാണ് സൂചന.മഹീന്ദ്ര ഫൈവ് ഡോർ ഥാറും ഉടൻ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇത് ജിംനിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാനിടയുണ്ട്.


3,985 എം.എം നീളവും 1,645 എം.എം വീതിയും 1,720 എം.എം ഉയരവും 2,590 എം.എം വീൽബേസുമുള്ള വാഹനമാണ് ജിംനി. 210 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 105 പി.എസ് കരുത്തും 134 എൻ.എം ടോർക്കും വികസിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ K15 B പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. പവർട്രെയിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. അതോടൊപ്പം നാല് വീലുകളിലേക്കും പവർ അയയ്ക്കുന്ന ഒരു ഫോർ സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂനിറ്റും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നു. പേൾ ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, കൈനറ്റിക് യെല്ലോ വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, സിസ്ലിംഗ് റെഡ് വിത്ത് ബ്ലൂയിഷ് ബ്ലാക്ക് റൂഫ്, നെക്സ ബ്ലൂ, സിസ്ലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ എന്നിവയാണ് ലഭിക്കുന്ന നിറങ്ങൾ.

Tags:    
News Summary - Maruti Suzuki Jimny price leaked online: To start under Rs 10 lakh?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.