‘തോൽപ്പിക്കാനാവില്ല മക്കളേ’; പുതിയ വിൽപ്പന കണക്കുകളിലും മാരുതി തന്നെ മുന്നിൽ

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകൾ (FADA) പുറത്തുവിട്ട ഏറ്റവും പുതിയ വിൽപ്പന കണക്കിലും ഒന്നാമതെത്തി മാരുതി സുസുകി. 2023 മാർച്ചിലെ യാത്രാ വാഹനങ്ങളുടെ വിൽപ്പന വിവരങ്ങളാണ് പുറത്തുവന്നത്. പുതിയ കണക്കുകൾ പ്രകാരം മാർച്ചിലും രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് മാരുതി സുസുകിയാണ്. ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ വിൽപ്പന ചാർട്ടിൽ രണ്ടാം സ്ഥാനത്തെത്തി.

മാരുതി സുസുകി 2023 മാർച്ചിൽ മൊത്തം 137,201 യൂനിറ്റുകൾ വിറ്റു. 2022 മാർച്ചിൽ ഇത് 118,446 യൂനിറ്റായിരുന്നു. പ്രതിവർഷം 15.83 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വിൽപ്പന 18,755 യൂനിറ്റുകൾ വർദ്ധിച്ചു. 2022 മാർച്ചിൽ 1,18,446 യൂനിറ്റ് പാസഞ്ചർ വാഹനങ്ങളാണ് മാരുതി സുസുകി വിറ്റത്.

ടാറ്റ മോട്ടോഴ്‌സാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 2023 മാർച്ചിൽ 46,847 യൂനിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം 2022 മാർച്ചിൽ കമ്പനി 36,939 യൂനിറ്റുകൾ വിറ്റു. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, അവരുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു, അത് ഒടുവിൽ അതിന്റെ വിൽപ്പനയിൽ പ്രതിഫലിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് 2023 മാർച്ചിൽ മുൻ വര്‍ഷത്തെ അപേക്ഷിച്ച് 9,908 യൂനിറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 36,939 യൂനിറ്റുകൾ വിറ്റപ്പോൾ 26.82 ശതമാനം വർധനവാണിത്.

ഹ്യുണ്ടായിയെ കുറിച്ച് പറയുകയാണെങ്കിൽ, 2023 മാർച്ചിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന് ഇന്ത്യൻ വിപണിയിലെ രണ്ടാം സ്ഥാനം നഷ്‍ടമായി. ആ സ്ഥാനം ടാറ്റ കൊണ്ടുപോയി. 2023 മാർച്ചിൽ ഹ്യുണ്ടായി 45,703 യൂനിറ്റുകള്‍ വിറ്റു. ഇത് 2022 മാർച്ചിൽ നിന്ന് 1,937 യൂനിറ്റുകളുടെ വർധനവാണ്. ഇത് 4.42 ശതമാനം വാര്‍ഷിക വളര്‍ച്ച കാണിക്കുന്നു.

2023 മാര്‍ച്ച് മാസത്തില്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 32,196 യൂനിറ്റുകളും കിയ 21,023 യൂനിറ്റുകളും ടൊയോട്ട 15,623 യൂനിറ്റുകളും വിറ്റു. അതേസമയം, ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് (സ്കോഡ , വിഡബ്ല്യു) കഴിഞ്ഞ മാസം 7,837 യൂനിറ്റുകളും, ഹോണ്ട 6,295 യൂനിറ്റുകളും, റെനോ 5,176 യൂനിറ്റുകളും വിറ്റു. എംജി മോട്ടോഴ്‍സ് കഴിഞ്ഞ മാസം 4,655 യൂനിറ്റുകൾ വിറ്റു.

Tags:    
News Summary - Maruti Suzuki records 1,32763 unit sales in March 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.