ഹൈബ്രിഡുകളെ നാണിപ്പിക്കുന്ന മൈലേജ്; എസ്-പ്രസോ സി.എൻ.ജി പതിപ്പുമായി മാരുതി

ഒരു ലിറ്റർ പെട്രോളിന് 29 കിലോമീറ്റർ മൈലേജുമായി നിരത്തിലെത്തിയ മാരുതിയുടെ ഹൈബ്രിഡ് എസ്.യു.വി ഗ്രാൻഡ് വിറ്റാര തരംഗമായത് അടുത്തിടെയാണ്. ഇതേ ഇന്ധനക്ഷമതയുമായി ടൊയോട്ട ഹൈറൈഡറും വിൽപ്പനയിലുണ്ട്. എന്നാലീ വമ്പന്മാരെയെല്ലാം നാണിപ്പിക്കുന്ന മൈലേജുമായി ഒരു കുഞ്ഞൻ കാറിനെ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎൻജി പതിപ്പാണ് പുതിയ താരം. 32.73 km/kg ആണ് ഈ ചെറുകാറിന്റെ ഇന്ധനക്ഷമത.

LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡല്‍ എത്തും. LXi S-സി.എൻ.ജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം രൂപയാണ്. VXi S-സി.എൻ.ജി യുടെ എക്സ്-ഷോറൂം വില 6.10 ലക്ഷം രൂപയുമാണ്. എസ്-പ്രസോ സി.എൻ.ജിക്ക്, സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപയാണ് അധികമായി മുടക്കേണ്ടത്. മാരുതി സുസുകി ഡ്യുവൽ ജെറ്റ് എഞ്ചിൻ പരിഷ്‍കരിച്ച് സി.എൻ.ജി ആക്കിയതല്ലാതെ സൗന്ദര്യപരമായി എസ്-പ്രസോയിൽ മാറ്റങ്ങളൊന്നുമില്ല.

1.0-ലിറ്റർ, കെ-സീരീസ്, ഡ്യുവൽജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 66 ബി.എച്ച്.പി പവറും 3,500 ആർപിഎമ്മിൽ 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സി.എൻ.ജിയിൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് 5,300 ആർപിഎമ്മിൽ 56.59 പിഎസായി കുറയും. ടോർക്ക് ഔട്ട്പുട്ട് 3,400 ആർപിഎമ്മിൽ 82.1 എൻഎം ആണ്. സി.എൻ.ജി വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.

മാരുതിയുടെ സി.എൻ.ജി ലൈനപ്പിൽ നിലവിൽ 10 വാഹനങ്ങളുണ്ട്. അവയെല്ലാം ഡ്യൂവൽ ഇന്റർഡിപെൻഡന്റ് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ഇസിയു), ഇന്റലിജന്റ് ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം, സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകൾ, ജോയിന്റുകൾ എന്നിവയ്‌ക്കൊപ്പം സി.എൻ.ജി സിസ്റ്റത്തിനായുള്ള ഇന്റഗ്രേറ്റഡ് വയറിംഗ് ഹാർനെസുകളും സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് എഞ്ചിൻ ഓഫാണെന്നും അത് സ്റ്റാര്‍ട്ടാകില്ലെന്നും ഉറപ്പാക്കുന്ന മൈക്രോസ്വിച്ച് സഹിതമാണ് എസ്-സി.എൻ.ജി സിസ്റ്റം വരുന്നത്. സി.എൻ.ജി സിലിണ്ടറിന്റെ അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി ബ്രേക്കുകളും സസ്പെൻഷൻ സജ്ജീകരണവും മാരുതി റീകാലിബ്രേറ്റ് ചെയ്യുന്നുമുണ്ട്.

Tags:    
News Summary - Maruti Suzuki S Presso CNG launched at Rs 5.90 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.