എസ്​.യു.വിയടക്കം പുതിയ സെഗ്​മെൻറുകളിൽ കൈവെക്കാൻ മാരുതി

ഇന്ത്യക്കാരുടെ മനമറിഞ്ഞുള്ള മോഡലുകളാണ്​ ​ഓരോ തവണയും മാരുതി സുസുക്കി പുറത്തിറക്കുന്നത്​. ഇത്​ തന്നെയാണ്​ ഇന്ത്യൻ വിപണിയിൽ എന്നും മുന്നിൽനിൽക്കാൻ കമ്പനിക്ക്​​ തുണയേകുന്നതും​. സ്വന്തം വാഹനങ്ങളുള്ള സെഗ്​മെൻറിലെല്ലാം വ്യക്​തമായ ആധിപത്യം മാരുതിക്കുണ്ട്​​. മിതമായതും സാധാരണക്കാർക്ക്​ താങ്ങാനാവുന്നതുമായ മോഡലുകൾ ഇറക്കിയാണ്​ വിവിധ സെഗ്​മെൻറുകൾ മാരുതി കൈയടക്കാറ്​​.

1980കളിൽ എൻട്രി മോഡലുകളായ 800ഉം ഓമ്‌നിയും നിരത്തിലിറക്കിയാണ്​ കമ്പനി ജൈത്ര യാത്ര തുടങ്ങുന്നത്​. തുടർന്ന് സെൻ മുതൽ വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, വിറ്റാര ബ്രെസ്സ, സിയാസ്​ തുടങ്ങിയ മോഡലുകൾ വിപണി കീഴടക്കി. മുന്നോട്ടുള്ള യാത്രയിൽ പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള രൂപരേഖകളാണ്​ മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നത്​.

മാരുതി സുസുക്കി തങ്ങൾക്ക്​ മോഡലുകളില്ലാത്ത മാർക്കറ്റ് സെഗ്‌മെൻറുകൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്​. ഈ ശൂന്യമായ ഇടങ്ങളെ 'റെഡ് സ്പോട്ടുകൾ‌' എന്നാണ്​ കമ്പനി വിളിക്കുന്നത്​.

പ്രധാനമായും മിഡ്​ എസ്​.യു.വി വിഭാഗത്തിലാണ്​ വാഹനങ്ങൾ ഇല്ലാത്തതെന്ന്​ മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. തീരെ മോഡലുകൾ ഇല്ലാത്തതും വിൽപ്പന കാര്യമായി നടക്കാത്തതുമായ സെഗ്​മെൻറുകൾ കമ്പനി പരിശോധിക്കുകയാണ്​. ഈ വിഭാഗങ്ങൾ മികച്ച വാഹനങ്ങൾ ഇറക്കാൻ കമ്പനി ആഗ്രഹിക്കുന്നു​. ഉപഭോക്​താക്കളുടെ താൽപ്പര്യങ്ങൾ അറിഞ്ഞ ശേഷമായിരിക്കും വാഹനങ്ങൾ ഒരുക്കുകയെന്നും ശശാങ്ക്​ ശ്രീവാസ്​തവ പറയുന്നു.

ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ തുടങ്ങിയ മോഡലുകളുള്ള എൻട്രി ലെവൽ എ-സെഗ്‌മെൻറിൽ മാരുതി സുസുക്കിക്ക് ശക്തമായ വിപണി കൈവശമുണ്ട്. കൂടാതെ ബി-സെഗ്‌മെൻറിൽ സ്വിഫ്റ്റ്, ബലേനോ, ഡിസയർ, വിറ്റാര ബ്രെസ്സ തുടങ്ങിയവർ അണിനിരക്കുന്നു. ബി പ്ലസ്​, എൻട്രി സി സെഗ്‌മെൻറുകളിലാണ്​ ശക്​തമായ മോഡലുകൾ ഇല്ലാത്തത്​. ഇതിൽ പ്രധാനമായും മിഡ് എസ്‌.യു.വി മോഡലുകളാണ്​.

ഈ വിഭാഗത്തിൽ വിപണി ഏറെ മുന്നേറുന്നുണ്ട്​​, പ്രത്യേകിച്ച് കിയ സെൽറ്റോസ് 2019ൽ വിൽപ്പനക്കെത്തിയശേഷം. ഹ്യുണ്ടായ് ക്രെറ്റയും എം.ജി ഹെക്ടറും ഈ വിഭാഗത്തിൽ കരുത്ത്​ തെളിയിച്ചവരാണ്​. മിഡ് എസ്‌.യു.വി വിഭാഗത്തിൽ ഓരോ വർഷവും ഏകദേശം 4.5 ലക്ഷം യൂനിറ്റുകളാണ്​ ഇന്ത്യയിൽ വിറ്റുപോകുന്നത്​​. ബി പ്ലസ്​, സി സെഗ്‌മെൻറുകളിൽ സിയാസ്, എസ്-ക്രോസ് പോലുള്ള മോഡലുകൾ ഉണ്ടെങ്കിലും കമ്പനിയുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വിൽപ്പനയില്ല.

'സെൽറ്റോസ്​, ക്രെറ്റ, ഹെ്​കടർ എന്നിവയുള്ള മിഡ് എസ്‌.യു.വി സെഗ്‌മെൻറിൽ മാരുതിക്കുള്ളത്​ എസ്-ക്രോസാണ്​. കഴിഞ്ഞ ആഗസ്​റ്റിൽ ബി‌.എസ് 6 മോഡൽ പുറത്തിറങ്ങിയതോടെ എസ്-ക്രോസിൻെറ വിൽ‌പന ഉയർന്നിട്ടുണ്ട്​. പക്ഷെ, വേഗത്തിൽ വളരുന്ന സെഗ്‌മെൻറിൻെറ നിലയിലേക്ക്​ എസ്​ ക്രോസിൻെറ വിൽപ്പന ഉയർന്നിട്ടില്ല. എൻട്രി ലെവൽ എസ്‌.യു.വി സെഗ്‌മെൻറിലെ മുൻനിര മോഡലാണ് വിറ്റാര ബ്രെസ്സ. ഏകദേശം 4.5 ലക്ഷം യൂനിറ്റുകൾ വിൽക്കുന്ന ഈ സെഗ്​മെൻറിൽ ബ്രെസ്സ മുന്നിൽ തന്നെയുണ്ട്​. ഇനി മിഡ് എസ്‌.യു.വി സെഗ്‌മെൻറിൽ വിൽപ്പന വർധിപ്പിക്കാനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നത്​' -ശ്രീവാസ്തവ പറയുന്നു.

2019ൽ ലോക വിപണിയിലെത്തിയ വിറ്റാ​ര എന്ന മോഡലിനെ മിഡ്​ എസ്​.യു.വി സെഗ്​മെൻറിലേക്ക്​ കൊണ്ടുവരാൻ​ മാരുതി ലക്ഷ്യമിടുന്നതായാണ്​ വിവരം. കൂടാതെ ത്രീ ഡോർ ലൈഫ്​ സ്​റ്റൈൽ എസ്​.യു.വിയായ ജിംനിയും ഇന്ത്യയിലെത്തുമെന്ന്​ റിപ്പോർട്ടുകളുണ്ട്​. വിറ്റാര അധിഷ്ഠിത എസ്‌.യു.വി ബിഡാദി പ്ലാൻറിൽ നിർമിക്കാൻ മാരുതി സുസുക്കി ജാപ്പനീസ് പങ്കാളിയായ ടൊയോട്ടയുമായി ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Maruti Suzuki to launch new segments including SUVs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.