ടൊയോട്ടയുടെ മധ്യനിര എസ്.യു.വി അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പ് ഉടൻ വിൽപ്പനക്ക്. ജൂലൈ 20 വാഹനം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാഹനത്തിന്റെ പേര് ഉൾപ്പടെ വിവരങ്ങൾ മാരുതി സുസുകി പുറത്തുവിട്ടിട്ടില്ല. ഗ്രാൻഡ് വിറ്റാര എന്ന പേരാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അടുത്തിടെ പുറത്തിറക്കിയ ബ്രെസ്സയുടെ പേരിൽ നിന്ന് വിറ്റാര എന്നത് മാരുതി ഒഴിവാക്കിയിരുന്നു. പുതിയ വാഹനത്തിന്റെ പേരിനായിട്ടാണ് ഇതെന്നാണ് അണിയറയിലെ സംസാരം. പേര് എന്തായാലും ഹൈറൈഡർ എന്ന ടൊയോട്ട വാഹനത്തിന്റെ കാർബൺ കോപ്പിയായിരിക്കും മാരുതി പതിപ്പും. ഗ്രില്ല് ലോഗോ തുടങ്ങിയവയിൽ മാാത്രമാണ് മാറ്റം പ്രതീക്ഷിക്കുന്നത്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വാഹനം വിൽക്കുക.
ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ച 1.5-ലിറ്റർ മൈൽഡ്-ഹൈബ്രിഡ്, 1.5-ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിനുകളാണ് വാഹനത്തിന്റെ പ്രത്യേക. സുസുകിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. ടൊയോട്ട ഹൈറൈഡറിനെ പോലെ, വരാനിരിക്കുന്ന മാരുതി സുസുകി മിഡ്‌സൈസ് എസ്‌യുവി ഒരു ആഗോള മോഡലായിരിക്കും. ഇന്ത്യയെക്കൂടാതെ ആഫ്രിക്കയും യൂറോപ്പും ഉൾപ്പെടെ ഒന്നിലധികം വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യും. 2015 മുതൽ അന്താരാഷ്‌ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയ വിറ്റാരയ്ക്ക് പകരമായി എസ്‌യുവിക്ക് മാറുമെന്നും സൂചനയുണ്ട്.
ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിൽ ഹൈറൈഡറിനൊപ്പമായിരിക്കും വിറ്റാരയും നിർമിക്കുക. രണ്ട് മോഡലുകൾക്കും എക്സ്റ്റീരിയറിലും ഇന്റീരിയറിലും പൊതുവായ സ്റ്റൈലിംഗ് ഉണ്ടായിരിക്കും. സമീപകാലത്ത് പുറത്തിറങ്ങിയ ബലെനോ, ഗ്ലാൻസ, പുതിയ ബ്രെസ്സ തുടങ്ങിയ മോഡലുകൾക്ക് സമാനമായ ലേഔട്ടാണ് വിറ്റാരക്കും നൽകുക. ഡ്യുവൽ-ടോൺ ഇന്റീരിയർ ഡാഷിൽ പാഡഡ് ലെതർ ലഭിക്കും. കൂടാതെ ചില ക്രോം, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ ഡോർ പാഡുകളിലും നൽകും.
9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബലെനോക്ക് സമാനമായ സ്റ്റിയറിങ് വീൽ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലെ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ഗൂഗിൾ, സിരി എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റും ഉൾപ്പെടുത്തും.
സുരക്ഷക്കായി ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇഎസ്പി, ഹിൽ-ഹോൾഡ് അസിസ്റ്റ്, എല്ലാ പിൻ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവ പ്രതീക്ഷിക്കുന്നു. AWD പതിപ്പുകൾക്ക് ഡ്രൈവ് മോഡുകളും ലഭിക്കും.
അർബൻ ക്രൂയിസർ ഹൈറൈഡറിന് പുറമെ, ഹ്യുണ്ടായ് ക്രെറ്റ, കിയ സോനെറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ എതിരാളികളും വാഹനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.