രാജ്യത്ത്​ ബെൻസ്​ വിൽപ്പനയിൽ വൻ ഇടിവ്​; പുതിയ കണക്കുകൾ പുറത്ത്​

ആഢംബര കാർ വിഭാഗത്തിൽപ്പെടുന്ന മെഴ്​സിഡസ്​ ബെൻസ്​ വിൽപ്പനയിൽ രാജ്യത്ത്​ വൻ ഇടിവ്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 42.75 ശതമാനം കുറവാണ്​ രേഖപ്പെടുത്തിയത്​. 2020ൽ 7,893 കാറുകൾ വിറ്റതായി ബെൻസ്​ അറിയിച്ചു. വിൽപ്പനയുടെ 14 ശതമാനം ഓൺലൈൻ ബുക്കിങിലൂടെയായിരുന്നെന്നും കമ്പനി പറയുന്നു. 2019 ൽ വിറ്റ 13,786 യൂനിറ്റുകളെ അപേക്ഷിച്ച്​ വൻ തകർച്ചയാണ്​ ബെൻസിന്​ വിൽപ്പനയിൽ ഉണ്ടായത്​.


കോവിഡ് മൂലം ഈ വർഷം അഭൂതപൂർവമായ തകർച്ചയാണ്​ വിപണിയിൽ നേരിട്ടതെന്ന്​ ബെൻസ്​ അധികൃതർ സമതിച്ചു. 2019ലെ ആദ്യ ക്വാർട്ടറിൽ 563 യൂണിറ്റ് മാത്രമാണ്​ വിറ്റഴിക്കാനായത്​. പ്രാരംഭ തിരിച്ചടിക്ക് ശേഷം വിൽ‌പനയിൽ ചെറിയചില നേട്ടങ്ങൾ കൈവരിക്കാനും ബെൻസിന്​ കഴിഞ്ഞു. മൂന്നാം ക്വാർട്ടറിൽ 2058 യൂനിറ്റും നാലിൽ 2886 യൂനിറ്റുമാണ്​ വിറ്റത്​. '2020 വർഷം വാഹന വ്യവസായത്തിന് തിരിച്ചടികളുടേതായിരുന്നു. കമ്പനിക്കും ഡീലർമാർക്കും ഇതിന്‍റെ ഫലം അനുഭവിക്കേണ്ടിവന്നു. എന്നാൽ വർഷാവസാനം വിൽപ്പന വീണ്ടെടുക്കാനായതിൽ ഞങ്ങൾ സന്തുഷ്​ടരാണ്.


വിപണിയിൽ വലിയ തിരിച്ചടിയുണ്ടായിട്ടും മെഴ്സിഡസ് ബെൻസ് അതിന്‍റെ വാഹനനിരയിലേക്ക്​ 10 പുതിയ ഉൽ‌പ്പന്നങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇവി, ഇക്യുസി അവതരിപ്പിക്കുകയും ആദ്യത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ എ‌എം‌ജി, ജി‌എൽ‌സി 43 കൂപ്പെ അവതരിപ്പിക്കുകയും ചെയ്തു' -ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.