ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായിരുന്നു ചൈനീസ് കമ്പനിയായ വൂലിങിന്റെ എയർ ഇ.വി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ 300 കാറുകൾ വൂലിങ് ബാലിയിൽ എത്തിച്ചിരുന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ പതിച്ച് പ്രത്യേക നിറങ്ങളിലാണ് കാറുകൾ ഒരുക്കിയത്. അടുത്തിടെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ എയർ ഇ.വി പുറത്തിറങ്ങിയത്. എയർ ഇ.വിയുടെ ഇന്ത്യൻ പതിപ്പ് ഉടൻ വിപണിയിൽ എത്തുമെന്നാണ് സൂചന.
ചൈനീസ് കോർപ്പറേഷനായ സായികിന്റെ ഉടമസ്ഥതയിലുള്ളതാണ് എം.ജിയും വൂലിങും. വൂലിങിന്റെ പേരിൽ ചൈനയിൽ വിൽക്കുന്ന എയർ ഇ.വി അവിടെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഇലക്ട്രിക് വാഹനമാണ്. ഇന്ത്യയിൽ എം.ജിയുടെ പേരിലാകും എയർ ഇ.വി അവതരിപ്പിക്കുക. എം.ജിയുടെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമാണം.
ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തും എന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും.
എയർ ഇ.വിയുടെ ഇന്തൊനീഷ്യൻ പതിപ്പ് പ്രധാനമായും രണ്ടുപേർക്കു സഞ്ചരിക്കാൻ പറ്റുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. എങ്കിലും പിന്നിലും സീറ്റുകളുണ്ട്. പിൻ നിരയിലേക്കും സുഖകരമായ എൻട്രി ഉറപ്പാക്കുന്ന വലിയ ഡോറുകളും 12 ഇഞ്ച് വീലുകളുമാണ് വാഹനത്തിൽ. എം.ജി സി.എസിനെപ്പോലെ മുൻ ലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്.
ഇന്ത്യയിലെ ഏറ്റവും ചെറിയ കാർ
പുറത്തിറങ്ങുമ്പോൾ ഇന്ത്യയിലെ ഏറ്റവും ചെറിയ കാറായിരിക്കും എം.ജി എയർ ഇ.വി. വെറും 2.9 മീറ്റർ നീളമുള്ള, മൂന്ന് ഡോറുകളുള്ള വാഹനം ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെറിയ ഫോർ വീലറായിരിക്കും. മാരുതി ആൾട്ടോ 800-ന് 3,445 എം.എം നീളവും ടാറ്റ നാനോയ്ക്ക് 3,099 എം.എം നീളവുമുമാണുള്ളത്. അതിലും ചെറുതാണ് എയർ ഇ.വി.
2.7 മീറ്റർ നീളമുള്ള ബജാജ് ക്യൂട്ട്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇ.എ.എസ് ഇ എന്നിവയൊക്കെ നീളത്തിൽ എയർ ഇ.വിയുമായി താരതമ്യപ്പെടുത്താമെങ്കിലും ഇരുവരും ക്വാഡ്രിസൈക്കിൾ വിഭാഗത്തിലാണ് വരുന്നത്. ബോക്‌സി ആകൃതി, 2,010 എം.എം വീൽബേസ്, സ്‌പേസ് കാര്യക്ഷമമായ ഉപയോഗിക്കുന്ന ഇന്റീരിയർ പാക്കേജിങ്, എഞ്ചിന്റെയും ഗിയർബോക്‌സിന്റെയും അഭാവം കാരണമുള്ള സ്ഥലസൗകര്യം എന്നിവയെല്ലാം എയർ ഇ.വിയുടെ പ്രത്യേകതയാണ്.
200-300 കിലോമീറ്റർ റേഞ്ച്
എയർ ഇ.വി റേഞ്ചിൽ അത്ര പിന്നിലായിരിക്കില്ല. 20-25kWh കപ്പാസിറ്റി പ്രതീക്ഷിക്കുന്ന ടാറ്റ ഓട്ടോകോമ്പിൽ നിന്നുള്ള LFP-സെൽ ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇത് എംജി എയർ ഇവിക്ക് ഏകദേശം 200 മുതൽ 300 കിലോമീറ്റർ വരെ റേഞ്ച് നൽകും. ഏകദേശം 50kW (68hp) പവർ ഔട്ട്‌പുട്ടുള്ള ഒറ്റ, ഫ്രണ്ട്-ആക്‌സിൽ മോട്ടോറാണ് എയർ ഇ.വിക്ക് ഊർജം നൽകുന്നത്.
ഫീച്ചറുകളാൽ സമ്പന്നം
എയർ ഇ.വി കോംപാക്റ്റ് ഹാച്ച്‌ബാക്കുകളെക്കുറിച്ചുള്ള പരമ്പരാഗത ഇന്ത്യൻ ധാരണ തകർക്കുമെന്നാണ് എം.ജി അവകാശപ്പെടുന്നത്. മെഴ്‌സിഡസ് ജി.എൽ.എയിലേതുപോലെ രണ്ട് 10.25 ഇഞ്ച് പാനലുകൾ കൊണ്ട് നിർമ്മിച്ച ഡ്യുവൽ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും മുന്നിലും മധ്യത്തിലും. കണക്റ്റഡ് കാർ ടെക്, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, വോയ്‌സ് കമാൻഡുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് പ്രീമിയം സവിശേഷതകൾ. ഒരു സൺറൂഫ് പോലും വാഹനത്തിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ബഡ്ജറ്റ് കാർ അല്ല
എയർ ഇ.വിയുടെ വലുപ്പക്കുറവ് കണ്ട് അതിന് വില കുറവായിരിക്കും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. ടാറ്റ ടിയാഗോ ഇ.വി സെപ്റ്റംബറിൽ 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയിൽ അവതരിപ്പിച്ചിരുന്നു. ഇതാണ് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന വിലകുറഞ്ഞ ഇ.വി കാർ. എംജി ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ വില അതിൽ താഴെയാകാൻ സാധ്യതയില്ല. ചിലപ്പോൾ 10 ലക്ഷം രൂപയിൽ കൂടുതൽ വില വാഹനത്തിന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിയ വാഹനമുള്ളവർക്ക് ദീർഘദൂര ഹൈവേ യാത്രയ്ക്ക് ഉപയോഗിക്കാനുള്ള രണ്ടാമത്തെ കാർ ആയിരിക്കും എയർ ഇ.വി.
2023 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും
വാഹനം അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എം.ജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എപ്പോൾ എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. 2023 ന്റെ തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത. അങ്ങിനെയെങ്കിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ലോഞ്ച് ചെയ്യുന്ന വാഹനം ഉടൻ നിരത്തിലും എത്തും. എം.ജി എയർ ഇ.വി ഇന്ത്യയിൽ അസംബിൾ ചെയ്യും. വില കഴിയുന്നത്ര മത്സരാധിഷ്ഠിതമാക്കുന്നതിന് 60 ശതമാനത്തിലധികം പ്രാദേശികവൽക്കരണം നൽകാൻ എം.ജി പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.