ആസ്​റ്റർ അവതരണ തീയതി പ്രഖ്യാപിച്ച്​ എം.ജി; പുറത്തിറക്കുക നിർമാണം പൂർത്തിയായ വാഹനം

മിനി എസ്​.യു.വിയായ ആസ്​റ്റർ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് എം.ജി ഇന്ത്യ. സെപ്റ്റംബർ 15ന് വാഹനം ഒൗദ്യോഗികമായി അവതരിപ്പിക്കപ്പെടും. ഇവി മോഡലായ ഇസഡ്​.എസി​െൻറ പെട്രോൾ പവർ പതിപ്പാണ് ആസ്​റ്റർ. ഒക്ടോബറിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ്​ നിർമാണം പൂർത്തിയായ വാഹനം (പ്രൊഡക്ഷൻ-സ്പെക്​ മോഡൽ) അവതരിപ്പിക്കുന്നത്​.


ഹെക്​ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്​റ്റർ സ്ഥാനം പിടിക്കുക. 4.3 മീറ്റർ നീളമുള്ള ആസ്​റ്റർ, ഹെക്ടറിനേക്കാൾ (4.6 മീറ്റർ ദൈർഘ്യം) വലുപ്പത്തിൽ ചെറുതായിരിക്കും. നിലവിലെ സെഗ്‌മെൻറ്​ ലീഡറായ ഹ്യുണ്ടായ് ക്രെറ്റയായിരിക്കും ആസ്​റ്ററി​െൻറ പ്രധാന എതിരാളി. ഇവി മോഡലിനെ അപേക്ഷിച്ച് നിരവധി ഡിസൈൻ മാറ്റങ്ങളും വാഹനത്തിന്​ ഉണ്ടാകും.

ഇൻറർനെറ്റ്​ കാർ

ആസ്​റ്ററിൽ വ്യക്തിഗത എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അസിസ്​റ്റ്​ ഉണ്ടായിരിക്കുമെന്ന്​​ എം.ജി നേരത്തേ പറഞ്ഞിരുന്നു​. ഇതോടൊപ്പം ലെവൽ 2 അഡാസ്​ സംവിധാനവും ഉൾ​പ്പെടുത്തും. ഇവ രണ്ടും സെഗ്​മെൻറ്​-ഫസ്റ്റ് ഫീച്ചറുകളായിരിക്കും.

ഇൻറർനെറ്റ് അധിഷ്‌ഠിത സവിശേഷതകൾക്കായി ജിയോ ഇ-സിം ആസ്​റ്ററിന്​ നൽകും. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായിട്ടായിരിക്കും വാഹനം നിരത്തിലെത്തുക. അമേരിക്കൻ കമ്പനിയായ 'സ്റ്റാർ ഡിസൈൻ' രൂപകൽപന ചെയ്​ത വ്യക്തിഗത എ.​െഎ അസിസ്റ്റൻറുമായി വരുന്ന ആദ്യത്തെ ആഗോള എംജി മോഡലായിരിക്കും ആസ്​റ്റർ. എ​.​െഎ അസിസ്​റ്റൻറിനായി ഡാഷ്‌ബോർഡിൽ ഒരു ഇൻററാക്​ടീവ് റോബോട്ടിനെ അവതരിപ്പിക്കും.


മനുഷ്യരെപ്പോലെ ആശയവിനിമയം നടത്താൻ ശേഷിയുള്ള റോബോട്ട്​, വിക്കിപീഡിയ വഴി നാം ചോദിക്കുന്ന വിഷയത്തെക്കുറിച്ച്​ വിശദമായ വിവരങ്ങൾ നൽകും. കാറിൽ ആളുകളുമായി ഇടപഴകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്​തിരിക്കുന്നത്. ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന കാർ-എ-പ്ലാറ്റ്‌ഫോം (CAAP) സോഫ്റ്റ്‌വെയർ കൺസെപ്റ്റ് ലഭിക്കുന്ന ആദ്യ കാറായിരിക്കും ആസ്റ്റർ. മാപ്പ്​ മൈ ഇന്ത്യ, ജിയോ കണക്റ്റിവിറ്റി തുടങ്ങിയവയുമായുള്ള മാപ്പുകളും നാവിഗേഷനും ഉൾപ്പെടെ സബ്​സ്​ക്രിപ്ഷനുകളും സേവനങ്ങളും വാഹനം നൽകും.

ലെവൽ 2 അഡാസ്​

ആസ്​റ്ററിലെ ഏറ്റവും ശ്രദ്ധേയമായ സംവിധാനം അതി​െൻറ ലെവൽ 2 അഡാസ് ടെക് ആണ്. ഇടത്തരം എസ്​.യു.വി വിഭാഗത്തിൽ ആദ്യമായാണ്​ ലെവൽ 2 അഡാസ് ഉൾപ്പെടുത്തുന്നത്​. എംജി ഗ്ലോസ്റ്ററിന് പോലും ലെവൽ 1 അഡാസ്​ സാങ്കേതികവിദ്യയാണുള്ളത്​. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കോളിഷൻ വാണിങ്​, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്​, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്​, ലെയ്ൻ ഡിപാർച്ചർ പ്രിവൻഷൻ, ഇൻറലിജൻറ്​ ഹെഡ്‌ലാമ്പ് കൺട്രോൾ (ഐഎച്ച്സി), റിയർ ഡ്രൈവ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ അഡാസ്​ കൊണ്ടുവരും.

ആസ്റ്ററി​െൻറ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം ജിയോ ഇ-സിം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളോടെ വരുമെന്ന് എംജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹനത്തി​െൻറ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്​.

എഞ്ചിൻ

ആസ്റ്റർ എസ്‌യുവി 120 എച്ച്പി, 150 എൻഎം, 1.5 ലിറ്റർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടായിരിക്കും വിപണിയിൽ എത്തുക. കൂടാതെ, 163 എച്ച്പി, 230 എൻഎം, 1.3 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഉണ്ടാകും. പ്രധാന എതിരാളികളായ ക്രെറ്റയ്ക്കും സെൽറ്റോസിനും 140 എച്ച്പി, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ട്​. നിസാൻ കിക്​സ്​ റെനോ ഡസ്​റ്റർ എന്നിവ 156 എച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വരുന്നത്. ആസ്​റ്ററി​െൻറ എഞ്ചിനുകൾ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്​സുമായി ബന്ധിപ്പിക്കും.

വില

ആസ്റ്റർ എസ്‌യുവിക്ക്​ മത്സരാധിഷ്​ഠിതമായി വിലയിടാനാണ്​ എം‌ജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നത്​. 10-16 ലക്ഷം രൂപയാണ്​ വില പ്രതീക്ഷിക്കുന്നത്​.രാജ്യത്തെ വാഹന വിപണിയിൽ കടുത്ത മത്സരം നേരിടുന്ന വിഭാഗമാണ്​ മിഡ്​സൈസ്​​ എസ്​.യു.വികളുടേത്​. മാരുതി സുസുക്കി ബ്രെസ്സ നയിക്കുന്ന ഇൗ വിഭാഗത്തിൽ ഹ്യൂണ്ടായ്​ വെന്യൂ, ടാറ്റ നെക്​സൺ, കിയ സോനറ്റ്, ഫോർഡ്​ ഇക്കോസ്​പോർട്ട്​​ തുടങ്ങിയ അതികായന്മാരുമുണ്ട്​. ഇതോടൊപ്പം ചെറുമീനുകളായ ടൊയോട്ട അർബൻ ക്രൂസർ, നിസാൻ മാഗ്​നൈറ്റ്​, റെനോ കൈഗർ തുടങ്ങിയ വാഹനങ്ങ​ളുമൊക്കെയായി നിലവിൽ തിങ്ങിനിറഞ്ഞ അവസ്​ഥയിലാണ്​ ഇൗ വിഭാഗം.

ആസ്റ്ററിനെക്കൂടി ഉൾക്കൊള്ളുന്നതിനായി ഗുജറാത്തിലെ ഹാലോൾ പ്ലാൻറി​െൻറ ശേഷി വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്​. നിലവിൽ പ്ലാൻറി​െൻറ ശേഷി പ്രതിവർഷം 80,000 യൂനിറ്റാണ്​. ഇത്​ 1,00,000 യൂനിറ്റായി ഉയർത്താനാണ്​ എം.ജി ആലോചിക്കുന്നത്​. 'ആസ്​റ്ററിനായി ഹാലോളിലെ മുഴുവൻ ശേഷിയും ഉപയോഗിക്കേണ്ടതുണ്ട് '-കമ്പനി പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ രാജീവ് ഛാബ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.