കോവിഡ് രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന രാജ്യത്തിന് കൈത്താങ്ങുമായി എം.ജി ഇന്ത്യ. ഓക്സിജൻ നിർമാണത്തിൽ സഹകരിച്ച് പ്രവർത്തിക്കാനാണ് എം.ജി തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള ദേവ്നന്ദൻ ഗ്യാസുമായി പങ്കാളിത്തമുണ്ടാക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ ബുധനാഴ്ച അറിയിച്ചു. രാജ്യത്തെ പ്രധാന മെഡിക്കൽ ഓക്സിജൻ ഉത്പാദന കമ്പനികളിലൊന്നാണ് ദേവ്നന്ദൻ. കോവിഡ് -19 നെ ചെറുക്കുന്നതിന് ഓക്സിജൻ വിതരണം നിലനിർത്തുന്നത് അനിവാര്യമായതിനാലാണ് ഈ രംഗത്ത് സഹകരിക്കുന്നതെന്നും എം.ജി അറിയിച്ചു.
'കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയിൽ ഓക്സിജന്‍റെ ഉത്പാദനം വർധിപ്പിക്കുന്നതിന് സാധ്യമാകുന്ന പിന്തുണ നൽകും' -എംജി മോട്ടോർ ഇന്ത്യ പ്രസിഡന്‍റും എംഡിയുമായ രാജീവ് ചബ പറഞ്ഞു.ഓക്സിജൻ നിർമാണ കമ്പനിയുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിനാവും എം.ജി സഹായം നൽകുക. ഇതിലൂടെ ദേവ്നന്ദൻ ഗ്യാസിന്‍റെ ഉത്പാദനം ആദ്യഘട്ടത്തിൽ 25 ശതമാനവും പിന്നീട് 50 ശതമാനവും വർധിപ്പിക്കും. തുടർ നടപടികൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നും എം.ജി ഇന്ത്യ അറിയിച്ചു.
'കഴിഞ്ഞ വർഷം സമാനമായ ഒരു നീക്കം ഞങ്ങൾ നടത്തിയിരുന്നു. ഇതിലൂടെ വഡോദരയിലെ മാക്സ് വെന്റിലേറ്റേഴ്സ് പ്ലാന്റിൽ വെന്റിലേറ്റർ ഉത്പാദനം സുസ്ഥിരമാക്കുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ മേഖലയിലെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കുന്നതിന് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സമയത്തിന്‍റെ ആവശ്യകതയാണ്. പ്രാദേശിക ഭരണകൂടത്തിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പുതിയ സംരംഭത്തെ ഞങ്ങൾ നിരന്തരമായ പിന്തുണയ്ക്കും'-ചബ കൂട്ടിച്ചേർത്തു. 'ഈ ഉത്തമ ലക്ഷ്യത്തിനായി പങ്കാളിയായതിന് എംജിയോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ദൈനംദിന ഉത്പാദനം വർധിപ്പിക്കുന്നതിന് ഞങ്ങളുടെ ടീമുകൾ ഒരുമിച്ച് പ്രവർത്തിക്കും'-ദേവ്നന്ദൻ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വിജയ് ഭായ് താക്കൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.