ന്യൂഡൽഹി: കാർ നിർമാതാക്കളോട് തങ്ങളുടെ വാഹനങ്ങളുടെ എല്ലാ വകഭേദങ്ങളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകണമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ അഭ്യർഥന. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ വാഹന നിർമാതാക്കളോട് എല്ലാ വകഭേദങ്ങളിലും കുറഞ്ഞത് ആറ് എയർബാഗുകൾ നിർബന്ധമായും നൽകണമെന്ന് നിർദേശിച്ചതായി മന്ത്രി ട്വിറ്ററിൽ കുറിച്ചു.
2019 ജൂലൈ ഒന്ന് മുതലാണ് രാജ്യത്തെ എല്ലാ പാസഞ്ചർ കാറുകളിലെയും ഡ്രൈവർ സൈഡിൽ എയർ ബാഗ് നിർബന്ധമാക്കിയത്. 2021 ഏപ്രിൽ ഒന്ന് മുതൽ മുന്നിലെ യാത്രക്കാരന്‍റെ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി. എന്നാൽ, കോവിഡ് കണക്കിലെടുത്ത് ഡിസംബർ 31 വരെ ഇതിന് ഇളവ് നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ വിൽക്കുന്ന ചില കാറുകൾക്ക് നാല് എയർബാഗുകളുണ്ട്. ഉയർന്ന മോഡലുകൾക്കാണ് ആറും അതിലധികവും എയർ ബാഗുകളുള്ളത്. പക്ഷേ, എൻട്രി ലെവൽ മോഡലുകളിൽ കൂടുതൽ എയർബാഗുകൾ സ്ഥാപിക്കുന്നത് അവയുടെ വില വർധിപ്പിക്കാൻ ഇടയാക്കും.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഇരട്ട എയർബാഗുകൾ സർക്കാർ നിർബന്ധമാക്കിയത്. എല്ലാ വാഹനങ്ങളിലും ഇരട്ട എയർബാഗുകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചശേഷം ഓട്ടോമോട്ടീവ് സുരക്ഷാ സംവിധാനങ്ങളിലെ ആഗോള കുത്തകയായ ഓട്ടോലിവ് ഇന്ത്യയിൽ കച്ചവടം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
രാജ്യത്ത് പുതിയ ഇൻഫ്ലേറ്റർ നിർമാണ പ്ലാൻറും കമ്പനി നിർമിക്കുന്നുണ്ട്. എയർബാഗിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ഇൻഫ്ലേറ്റർ. അപകട സമയത്ത് എയർബാഗ് തുറക്കാൻ പ്രാപ്തമാക്കുന്നതും ഇൻഫ്ലേറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.