തകരാറ് കണ്ടെത്തിയതിനെതുടർന്ന് കൂടുതൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ഫോർഡ് മോട്ടോർസ്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ കമ്പനി വാഹനങ്ങളുടെ തിരിച്ചുവിളിക്കൽ നടത്തുന്നത്. ഇത്തവണ ഒരു ലക്ഷത്തോളം വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. സംശയാസ്പദമായ വാഹനങ്ങളിൽ തീപിടിത്തസാധ്യതകൾ പരിശോധിക്കുന്നതിനാണ് തിരിച്ചുവിളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ 60,000 യൂനിറ്റുകൾ തിരിച്ചുവിളിക്കാൻ ഓർഡർ നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇത്.
2020-നും 2022-നും ഇടയിൽ നിർമിച്ച ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുകളുള്ള ഫോർഡ് എസ്‌കേപ്പ്, മാവെറിക്ക്, ലിങ്കൺ കോർസെയർ എന്നിവയുടെ യൂനിറ്റുകളാണ് പുതുതായി ഫോർഡ് തിരിച്ചുവിളിക്കുന്നത്. എഞ്ചിൻ തകരാറിലായാൽ എഞ്ചിൻ ഓയിലും നീരാവിയും ഉണ്ടാകാനിടയുള്ള സാഹചര്യമാണ് പ്രശ്‌നത്തിന് കാരണം. ഇത് ഒരുപക്ഷെ തീപിടിത്തത്തിന് കാരണമായേക്കുമെന്ന് ഫോർഡ് എഞ്ചിനീയർമാർ പറയുന്നു.
തകരാർ പരിഹരിക്കാൻ എൻജിൻ ഷീൽഡും ഗ്രിൽ ഷട്ടറുകളും ശരിയാക്കാൻ ഡീലർമാരോട് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ഇതുവരെ, ഇത്തരത്തിലുള്ള തീപിടിത്തം കാരണം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോർഡ് എക്‌സ്‌പെഡിഷനും ലിങ്കൺ നാവിഗേറ്ററും ഉൾപ്പെടുന്ന വാഹനങ്ങളാണ് ഇതിനുമുമ്പ് തിരിച്ചുവിളിച്ചത്. ഈ മോഡലുകളിലും തീപിടിത്ത സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മോഡലുകൾ തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എസിലെ ഓട്ടോമോട്ടീവ് സേഫ്റ്റി റെഗുലേറ്ററി ബോഡി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സുരക്ഷാ പ്രശ്നങ്ങളുള്ള വാഹന മോഡലുകൾ നിർമിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് തിരിച്ചുവിളിക്കൽ വർധിക്കാൻ കാരണം. വാഹനങ്ങൾക്ക് പരിശോധനകളും ആവശ്യമാണെങ്കിൽ അറ്റകുറ്റപ്പണികളും ഉപഭോക്താവിൽ നിന്ന് യാതൊരു നിരക്കും ഈടാക്കാതെയാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.