നിരത്തുകളിൽ മായാജാലം കാട്ടാൻ വീണ്ടും കരിസ്മയെത്തുന്നു

ഒരുകാലത്ത് ഇന്ത്യൻ നിരത്തുകളെ തീപാറിച്ചിരുന്ന കരിസ്മ മോട്ടോർ സൈക്കിളുകൾ വീണ്ടും നിരത്ത് വാഴാനെത്തുന്നു. ഇത്തവണ ഹീറോയാണ് കരിസ്മയെന്ന മസിൽമാനെ പുനരവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷംതന്നെ വാഹനം പുറത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന.


ഇന്ത്യയില്‍ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട മോഡലുകളിലൊന്നാണ് കരിസ്മ. 2003ലാണ് മോഡൽ വിപണിയിൽ എത്തുന്നത്. ‘ജെറ്റ് സെറ്റ് ഗോ’ എന്ന ടാഗ്ലൈനിൽ ഹൃത്വിക് റോഷൻ അഭിനയിച്ച പരസ്യം കരിസ്മ പുറത്തിറങ്ങിയ കാലത്ത് വലിയ ഹിറ്റായിരുന്നു. ഇറങ്ങിയ കാലത്ത് യുവാക്കളുടെ ഇഷ്ട ബൈക്കുകളിൽ ഒന്നായിരുന്നു കരിസ്മ.

പിന്നീട് രണ്ട് കമ്പനികളായി വേർപിരിഞ്ഞ ഹീറോയും ഹോണ്ടയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് കരിസ്‌മ പണികഴിപ്പിക്കുന്നത്. അന്ന് വിപണിയിലെ പ്രധാന എതിരാളി ബജാജ് പൾസർ 220 ആയിരുന്നു. 223 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ കരി‌സ്‌മ സീരീസിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 19.2 bhp പവറിൽ 19.35 Nm ടോർക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

ഫെയേർഡ് മോട്ടോർസൈക്കിളുകളുടെ അവസാനവാക്കായി അറിയപ്പെട്ടിരുന്ന കരിസ്‌മയ്ക്ക് വിപണിയിൽ കാലിടറുന്നത് 2014 മുതലാണ്. കരിസ്‌മ ZMR എന്ന പേരിൽ പുതിയൊരു മോഡൽ അവതരിപ്പിച്ചതാണ് അതിന്റെ തുടക്കം. ഇതിഹാസ പരിവേഷവുമായി അരങ്ങുവാഴുന്ന സമയത്ത് വിചിത്രമായ ഡിസൈനുമായി രൂപമെടുത്ത ZMR ആരും സ്വീരിച്ചില്ല.


കരിസ്മ തിരിച്ചുവരുന്നു

കരിസ്മ മോട്ടോർ സൈക്കിളുകൾ ഹീറോ തിരിച്ചെത്തിക്കുന്നതായാണ് നിലവിൽ പുറത്തുവരുന്ന വിവരം.പുതിയ ഭാവത്തിൽ മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ ശ്രമം. 224 സിസിക്ക് പകരം പുതിയ ലിക്വിഡ് കൂൾഡ് 210 സിസി എഞ്ചിനുമായാണ് കരിസ്‌മ മടങ്ങിവരുന്നത്. പുതിയ പ്ലാറ്റ്ഫോമും ഹീറോ ഇതിനായി വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

210 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ പുതിയ 6-സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. പുതിയ എഞ്ചിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ മോട്ടോർസൈക്കിളിന് 25 bhp കരുത്തിൽ പരമാവധി 30 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനായേക്കും.

യഥാർഥ കരിസ്മ സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരിസ്മയുടെ പ്രത്യേകതയായ ഫെയേർഡ് ശൈലി തന്നെയായിരിക്കും കമ്പനി ഇത്തവണയും ഒരുക്കുക.

Tags:    
News Summary - New Hero Karizma to be launched this year; gets 210cc liquid-cooled engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.