ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത ഹ്യൂണ്ടായ് വാഹനമാണ് ട്യൂസോൺ. ക്രെറ്റക്കും അൽക്കസാറിനുമൊക്കെ മുകളിൽ വരുന്ന എസ്.യു.വിയാണിത്. 2020 സെപ്റ്റംബറിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോൺ, ആദ്യമായി അതിന്റെ ലോങ് വീൽബേസ് വെർഷനിൽ ഇന്ത്യയിലെത്തുകയാണ്. ആഗോളതലത്തിൽ, എസ്‌യുവിയുടെ ഒരു ഹ്രസ്വ വീൽബേസ് പതിപ്പും ഉണ്ട്. നാലാം തലമുറ ട്യൂസോണിനെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബുക്കിങ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു ഹ്യുണ്ടായ് വാഹനത്തിന് അഡാസ് സാങ്കേതികവിദ്യ ലഭിക്കുന്നു എന്നതും ട്യൂസോണിന്റെ പ്രത്യേകതയാണ്. ഒട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ പുതിയ വാഹനത്തിലുള്ളൂ.
ഡിസൈൻ
മുൻഗാമികളിൽ നിന്ന് ഡിസൈനിലും സാങ്കേതികവിദ്യയിലും മാറ്റം വരുത്തിയാണ് പുതിയ ട്യൂസോൺ എത്തിയിരിക്കുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾ പരിധിയില്ലാതെ സമന്വയിപ്പിച്ചുകൊണ്ട് നിർമിച്ചിരിക്കുന്ന ആഭരണം പോലെയുള്ള വലിയ ഡാർക്ക് ക്രോം ഗ്രില്ലാണ് മുന്നിലെ പ്രധാന ഹൈലൈറ്റ്. ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ഏറെതാഴെയായി ഫ്രണ്ട് ബമ്പറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബോഡി ക്ലാഡിങുകൾ ഉദാരമായി നൽകിയിട്ടുണ്ട്. സൈഡ് മിററുകളുടെ അടിത്തട്ടിൽ നിന്ന് ഉയർന്നുവരുന്ന സാറ്റിൻ ക്രോം സ്ട്രിപ്പ് സി-പില്ലറിലേക്ക് നീളുന്നുണ്ട്. 18 ഇഞ്ച്, ഡ്യുവൽ-ടോൺ അലോയ് വീലുകളിലാണ് ഇന്ത്യ-സ്പെക് ട്യൂസോണിന് നൽകിയിരിക്കുന്നത്.
പിന്നിലെത്തിയാൽ, എൽ.ഇ.ഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഡ്യുവൽ ടി ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽ-ലൈറ്റുകളാണ് ആദ്യം ശ്രദ്ധിക്കുക. പിൻഭാഗത്തെ ലൈറ്റിങ് ക്രമീകരണം ടെയിൽ സെക്ഷനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ഡയമണ്ട്-പാറ്റേൺ ഫിനിഷും ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും പിൻ ബമ്പറിന്റെ സവിശേഷതകളാണ്. പിന്നിലെ വാഷറും വൈപ്പറും ഭംഗിയായി മറയ്ക്കുന്ന റൂഫ് സ്‌പോയിലറും ഉണ്ട്. പഴയ മോഡലിനേക്കാൾ 150 എംഎം നീളവും 85 എംഎം വീൽബേസും കൂടുതലുള്ള പുതിയ ട്യൂസണിന്റെ ഉൾവശം കൂടുതൽ വിശാലമാണ്.
ഇന്റീരിയർ
ഉള്ളിലെത്തിയാൽ, പുതിയ ട്യൂസോണിന് അതിന്റെ മുൻഗാമിയുമായി ഒരു സാമ്യവും കാണാനാകില്ല. ഡാഷ്‌ബോർഡിന് പുതിയ റാപ്‌റൗണ്ട് ഡിസൈൻ നൽകിയിരിക്കുന്നു. ആഡ്യത്വമുള്ള മിനിമലിസ്റ്റിക് ഡിസൈൻ ആണ് ഉള്ളിൽ. മിക്ക ഫിസിക്കൽ ബട്ടനുകളും ഒഴിവാക്കി ടച്ച് പാനലുകളാണ് നൽകിയിരിക്കുന്നത്. ഡ്യൂവൽ ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ കളർ സ്കീമിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. ഫോർ സ്‌പോക്ക് സ്റ്റിയറിങ് വീലും ക്രെറ്റയിലും അൽകാസറിലും കണ്ടതിൽ നിന്ന് വ്യത്യസ്തമാണ്.
പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആകർഷകമാണ്. പിയാനോ ബ്ലാക്ക് ഡിസൈൻ ഉപയോഗിച്ച് ഡാഷ്‌ബോർഡിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയുള്ള ടച്ച് അധിഷ്‌ഠിത പാനൽ വഴിയാണ് എ.സി നിയന്ത്രണങ്ങൾ സാധ്യമാകുന്നത്. 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമുണ്ട്. സീറ്റ് വെന്റിലേഷനും മറ്റ് പ്രവർത്തനങ്ങൾക്കുമായി സെന്റർ കൺസോളിൽ കുറച്ച് ഫിസിക്കൽ ബട്ടണുകൾ നൽകിയിട്ടുണ്ട്. പരമ്പരാഗത ഗിയർ ലിവറിനുപകരം ബട്ടണുകൾ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങളാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ ട്യൂസോൺ സമ്പന്നമാണ്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ്, പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64-കളർ ആംബിയന്റ് ലൈറ്റിങ്, 360-ഡിഗ്രി ക്യാമറകൾ, മെമ്മറിയുള്ള ഡ്രൈവർ സീറ്റിൽ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് എന്നിവയുണ്ട്. റെയിൻ സെൻസിങ് വൈപ്പറുകൾ, റിക്ലൈനിങ് റിയർ സീറ്റുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, വോയ്‌സ് കമാൻഡുകൾ, അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പവേർഡ് ടെയിൽഗേറ്റ്, ബ്ലൂലിങ്ക് കണക്ടിവിറ്റി എന്നിവയും പ്രത്യേകതയാണ്.
എഞ്ചിൻ- ഗിയർബോക്സ്
പുതിയ ട്യൂസോണിന് 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കും. നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂനിറ്റ് അൽകസാറിന് സമാനമാണ്, 156 എച്ച്പിയും 192 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 186 എച്ച്‌പിയും 416 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരുന്നു. മൾട്ടി ടെറൈൻ മോഡുകളുള്ള (സ്നോ, മഡ്, സാൻഡ്) ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും നൽകിയിട്ടുണ്ട്.
സുരക്ഷ
അഡാസ് സാങ്കേതികവിദ്യയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായ് വാഹനമാണ് പുതിയ ട്യൂസോൺ. ലെവൽ 2 അഡാസിൽ കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റുകൾ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നീ പ്രത്യേകതകളുണ്ട്. ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിങ് സെൻസറുകൾ, ഇ.എസ്.സി, ഹിൽ-ഡിസന്റ് കൺട്രോൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകൾ.
എതിരാളികൾ
ജീപ്പ് കോമ്പസ്, സിട്രോൺ C5 എയർക്രോസ് എന്നിവയിൽ നിന്നും ടാറ്റ ഹാരിയർ, എംജി ഹെക്ടർ, മഹീന്ദ്ര XUV700 എന്നിവയുടെ ഉയർന്ന സ്‌പെക്ക് വകഭേദങ്ങളുമായും ഹ്യൂണ്ടായ് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.