റെനോ ഇന്ത്യയുടെ ബെസ്റ്റ് സെല്ലറായിരുന്നു ഒരു കാലത്ത് ഡസ്റ്റർ എസ്.യു.വി. ഡസ്റ്റർ നിരത്തൊഴിഞ്ഞതോടെ ഇന്ത്യയിലെ കമ്പനിയുടെ പ്രതാപത്തിനും മങ്ങലേറ്റിരിക്കുകയാണ്. കൈഗർ മിനി എസ്.യു.വിയെ കൊണ്ടുവന്നത് മാറ്റി നിർത്തിയാൽ അടുത്തകാലത്ത് പുതുതായി കാറുകൾ ഒന്നും കമ്പനി അവതരിപ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പഴയ പടക്കുതിരയായ ഡസ്റ്റർ എസ്.യു.വിയെ ആഗോളതലത്തിൽ കമ്പനി അവതരിപ്പിക്കുന്നത്. നവംബർ 29ന് പുതിയ തലമുറ ഡസ്റ്റർ പുറത്തിറക്കും. വാഹനം ഇന്ത്യയിൽ എത്താൻ പിന്നേയും വൈകുമെന്നാണ് സൂചന.
നവംബർ 29ന് പോർച്ചുഗലിലാകും ഡസ്റ്റർ അഥവാ ഡാസിയ എന്ന മോഡലിന്‍റെ ആഗോള അവതരണം. യൂറോപ്പിൽ ഡാസിയ എന്ന പേരിലാണ് മൂന്നാം തലമുറ ഡസ്റ്റർ അവതരിപ്പിക്കുന്നത്. ആഗോള വിപണിയിൽ, സിട്രോൺ സി3 എയർക്രോസ്, എംജി ഇസഡ്എസ്, ഹ്യുണ്ടായ് കോന, ക്രെറ്റ, തുടങ്ങിയ മോഡലുകൾക്ക് എസ്.യു.വി വെല്ലുവിളി ഉയർത്തും.
പുതിയ ഡാസിയ ഡസ്റ്ററിന്റെ ഡിസൈൻ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പുതിയ സിഎംഎഫ്-ബി മോഡുലാർ പ്ലാറ്റ്‌ഫോമിൽ റെനോയുടെ ഭാഗമായ ഡാസിയയാണ് പുതിയ ഡസ്റ്റർ വികസിപ്പിച്ചിരിക്കുന്നത്.
സ്റ്റൈലിങിന്റെ കാര്യത്തിൽ, പുതിയ റെനോ ഡസ്റ്റർ 2024 ബിഗ്സ്റ്റർ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ബിഗ്‌സ്റ്റർ കൺസെപ്റ്റിന് 4.6 മീറ്റർ നീളമുണ്ട്. പുതിയ ഡസ്റ്റർ വലിപ്പത്തിൽ ഒതുക്കമുള്ളതും 4.3-4.4 മീറ്റർ നീളവും ഉള്ളതായിരിക്കും. ഇത്തവണ 7 സീറ്റർ മോഡലും ഡസ്റ്റിന് ഉണ്ടാവും.
ഉയർന്ന ബോണറ്റ് ലൈൻ, ബിഗ്സ്റ്റർ-പ്രചോദിത വൈ-ആകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പുകളുമായി നന്നായി ലയിക്കുന്ന മെലിഞ്ഞ ഗ്രില്ല് എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്‌പോർട്ടി ഫ്രണ്ട് പ്രൊഫൈലിലാണ് വരുന്നത്. കൂടുതൽ വളഞ്ഞ ലൈനുകളുള്ള വലിയ മെറ്റൽ ബമ്പറാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. താഴത്തെ ബമ്പർ പരന്ന ബുൾ-ബാർ പോലെ കാണപ്പെടുന്നു, അതിൽ ഇരുവശത്തും ലംബമായി അടുക്കിയിരിക്കുന്ന രണ്ട് എയർ വെന്റുകൾ ഉണ്ട്.
2012 ജൂലൈയിലാണ് റെനോയുടെ തുറപ്പുചീട്ടായി ഡസ്റ്റർ പിറവിയെടുക്കുന്നത്.10 വർഷത്തോളം നിരത്തുകൾ കീഴടക്കി മുന്നേറിയതിനു ശേഷം കഴിഞ്ഞ വർഷം ഏപ്രിലിൽ റെനോയ്ക്ക് ഡസ്റ്റർ എസ്‌യുവിയെ പിൻവലിക്കുകയും ചെയ്‌തു.
പുതിയ ഡസ്റ്ററിന് മൂന്ന് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. എൻട്രി ലെവൽ മോഡലുകളിൽ 120 bhp നൽകാൻ കഴിയുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ, മിഡിൽ വേരിയന്റുകളിൽ 140 bhp പവറുള്ള 1.2 ലിറ്റർ പെട്രോൾ ഹൈബ്രിഡ്, ടോപ്പ് എൻഡുകളിൽ 170 bhp കരുത്തോളമുള്ള 1.3 ലിറ്റർ ടർബോ-പെട്രോൾ എന്നിവയായിരിക്കും ഉൾപ്പെടുത്തുക. ഇതുവരെ പുറത്തിറങ്ങിയതിൽവെച്ച് ഏറ്റവും ശക്തമായ ഡസ്റ്ററായിരിക്കും ഇത്.
വലുപ്പമുള്ള ടെയിൽഗേറ്റ്, പുതിയതും ആധുനികവുമായ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, സ്‌പോയിലർ എന്നിവ ഇതിന്റെ സവിശേഷതയാണ്. പുതുതായി സ്റ്റൈൽ ചെയ്‍ത 10-സ്‌പോക്ക് അലോയ് വീലുകളും ഉണ്ടായിരിക്കും. സൗത്ത് അമേരിക്കൻ വിപണിയിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ആദ്യം റെനോ ബാഡ്‌ജിംഗോടെയാണ് പുതിയ ഡസ്റ്റർ അവതരിപ്പിക്കുക. അടുത്ത വർഷം ആദ്യത്തോടെ യൂറോപ്പിൽ ഡാസിയ ബാഡ്‌ജിംഗോടെ ഇത് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.
പെട്രോള്‍-ഹൈബ്രിഡ് മോഡില്‍ വന്നാല്‍ ഡസ്റ്റര്‍ മാരുതി സുസുകി ഗ്രാന്‍ഡ് വിറ്റാര ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികള്‍ക്ക് കനത്ത വെല്ലുവിളിയാകും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, എംജി ഇസഡ്എസ്, വിഡബ്ല്യു ടൈഗൺ, സ്‌കോഡ കുഷാക്ക് എന്നിവരാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.