വാഹന പ്രേമികളുടെ മനസ്സില്‍ മോഹം വിതക്കുന്ന വിരുന്നൊരുക്കുകയാണ് അജ്മാന് മോട്ടോര്‍ ഫെസ്റ്റിവല്‍. മോഡിഫൈഡ് കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമുള്ള എമിറേറ്റിലെ ഏറ്റവും വലിയ പ്രദർശനം ഒരുക്കുകയാണ് അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ്. അജ്മാനിൽ നിന്നും മറ്റ് എമിറേറ്റുകളിൽ നിന്നുമുള്ള പരിഷ്കരിച്ച കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും സ്പോർട്സ് കാറുകളുടെയും ആഡംബര കാറുകളുടെയും വിപുലമായ ശേഖരം പ്രദർശിപ്പിക്കുന്ന മേളയാണ് ഇത്.
എമിറേറ്റിലെ കായിക, സാമൂഹിക, ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് അജ്മാൻ ടൂറിസം വികസന വകുപ്പ് യുഎഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്ബുമായി സഹകരിച്ച് അജ്മാൻ മോട്ടോർ ഫെസ്റ്റിവലിന്റെ ഓരോ പതിപ്പുകളും അവതരിപ്പിക്കുന്നത്. കുടുംബങ്ങൾക്ക് ആസ്വാദ്യകരമായ സമയം ചിലവഴിക്കുന്നതിനും കാറുകളുടെ വിശാലമായ ലോകത്തിലേക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മേളയോടനുബന്ധിച്ച് നിരവധി സംവേദനാത്മക പ്രവർത്തനങ്ങൾ, വിനോദങ്ങൾ, സംഗീതം തുടങ്ങിയ പരിപാടികളും ഒരുക്കാറുണ്ട്. എല്ലാ പ്രായക്കാർക്കും താൽപ്പര്യങ്ങൾക്കും യോജിച്ച നിരവധി ആഘോഷങ്ങള്‍, സന്ദർശകർക്ക് സവിശേഷവും രസകരവുമായ അനുഭവം പ്രദാനം ചെയ്യാൻ മേളയുടെ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പ്രാദേശികവും അന്തർദേശീയവുമായ മോട്ടോർ കമ്പനികൾക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള നിക്ഷേപ അവസരങ്ങളും ഫെസ്റ്റിവൽ ഒരുക്കുന്നുണ്ട്. എമിറേറ്റിലുടനീളംനിരവധി സ്ഥലങ്ങളിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ പരിപാടികളിൽ ക്ലാസിക് കാറുകൾ, പരിഷ്ക്കരിച്ച കാറുകൾ, ഫോർ വീൽ ഡ്രൈവ്, സ്പീഡ് പ്രേമികൾക്കും കാർ പ്രേമികൾക്കും വേണ്ടിയുള്ള മോട്ടോർസൈക്കിളുകൾ എന്നിവയുടെ വിവിധ പ്രദര്‍ശനങ്ങള്‍ അരങ്ങേറും.
പരിഷ്ക്കരിച്ച കാർ, ക്ലാസിക് കാർ, ഗവൺമെന്റൽ, ആഡംബര കാർ, ഇലക്ട്രിക് കാർ, മോട്ടോർ സൈക്കിൾ, ഡ്രിഫ്റ്റ്, കാർ ഡിസൈൻ, റെസ്റ്റോറന്റ് സോൺ, കിഡ്സ്, തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ കൂടാതെ മറ്റു മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറും.. മേളയോടനുബന്ധിച്ച് മികച്ച വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇതിനോടനുബന്ധിച്ച് മസ്ഫൂത്തില്‍ വെച്ച് നടക്കും.
1950കളിലെ വ്യതിരിക്തമായ ക്ലാസിക് മോഡലുകൾക്ക് പുറമെ 200 ലധികം സൂപ്പർകാറുകളും പരിഷ്ക്കരിച്ച കാറുകളും അജ്മാന് മോട്ടോര്‍ ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. ഇക്കൊല്ലത്തെ ഫെസ്റ്റിവല്‍ ജനുവരി 27, 28 തിയതികളിലാണ് സംഘടിപ്പിച്ചത്. ഈ വർഷത്തെ ഉത്സവം ആദ്യ ദിവസം കാറുകൾക്കായി നീക്കിവച്ചപ്പോൾ രണ്ടാം ദിവസം മോട്ടോർസൈക്കിളുകൾക്കായി മാത്രം നീക്കിവച്ചു. അജ്മാൻ മോട്ടോർസ് ഫെസ്റ്റിവൽ കാർ പ്രേമികൾക്കും മോട്ടോർ സൈക്കിൾ പ്രേമികൾക്കും ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഒഴിവാക്കാനാവാത്ത മേളയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.