ടാറ്റയുടെ ഏറ്റവുംവലിയ എസ്.യു.വിയെന്ന ഖ്യാതിയുമായി ഗ്രാവിറ്റാസ് ജനുവരിയിൽ വിപണിയിലെത്തും. കൃത്യമായി പറഞ്ഞാൽ ജനുവരി 26നാകും വാഹനം രാജ്യത്ത് അനാഛാദനം ചെയ്യുക. ചില സൂചനകൾ തന്നാൽ ഗ്രാവിറ്റാസ് എന്താണെന്ന് വേഗത്തിൽ മനസിലാകും. ഹാരിയർ എന്ന ജനപ്രിയ എസ്.യു.വിയുടെ വലുപ്പംകൂടിയ മോഡലാണ് ഗ്രാവിറ്റാസ്. ഡിസൈനും മെക്കാനിക്കൽ പ്രത്യേകതകളും അഞ്ച് സീറ്റുകളുള്ള ഹാരിയറുമായി പങ്കിടുന്ന എസ്.യു.വി കൂടിയാണ് ഗ്രാവിറ്റാസ്. വാഹനത്തിന്‍റെ വില ഉടൻ പ്രഖ്യാപിക്കില്ലെന്നാണ് ടാറ്റ പറയുന്നത്. മൂന്ന്നിര സീറ്റുകളുള്ള ഗ്രാവിറ്റാസിന് ഹാരിയറിനേക്കാൾ ഉയരമുണ്ട്.
ഹാരിയർ പോലെ മാനുവൽ, ഓട്ടോ ഓപ്ഷനുകളുള്ള 170 എച്ച്പി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന്. ഹാരിയറും ഗ്രാവിറ്റാസും ടാറ്റയുടെ ഒമേഗ പ്ലാറ്റ്ഫോമാണ് പങ്കിടുന്നത്. മൂന്നാം നിര സീറ്റുകളെ ഉൾക്കൊള്ളുന്നതിന് ഹാരിയറിന്‍റെ നീളത്തിൽ നിന്ന് 63 മില്ലീമീറ്ററും ഉയരത്തിൽ 80 മില്ലീമീറ്ററും ഗ്രാവിറ്റാസിന് ടാറ്റ വർധിപ്പിച്ചിട്ടുണ്ട്. 4,661 മില്ലീമീറ്റർ നീളവും 1,894 മില്ലീമീറ്റർ വീതിയും 1,786 മില്ലീമീറ്റർ ഉയരവും 2,741 മില്ലീമീറ്ററും വീൽബേസുമാണ് പുതിയ വാഹനത്തിനുള്ളത്.
രൂപത്തിൽ ഏകദേശം ഒരുപോലെയാണ് ഇരുവാഹനങ്ങളും. ഗ്രാവിറ്റാസും ഹാരിയറും തമ്മിലുള്ള മുൻവശത്തെ സ്റ്റൈലിംഗ് വ്യത്യാസങ്ങൾ സൂക്ഷ്മമാണ്. എന്നാൽ ബി പില്ലർ മുതൽ ഗ്രാവിറ്റാസ് വ്യത്യസ്തമാണ്. പുതിയ എസ്‌യുവിക്കായി പുതുപുത്തൻ അലോയ് ഡിസൈനും നൽകിയിട്ടുണ്ട്. ഇന്‍റീരിയറും മറ്റ് സവിശേഷതകളുടെ ലിസ്റ്റും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഏറ്റവും ഉയർന്ന എസ്‌യുവി എന്ന നിലയിൽ ഗ്രാവിറ്റാസിന് ഹാരിയറിനേക്കാൾ വില കൂടുതലുണ്ടാകും. ഹാരിയറിന്‍റെ വില 13.84-20.30 ലക്ഷം രൂപയാണ്. ഏറ്റവും കുറഞ്ഞ മോഡൽ ഗ്രാവിറ്റാസിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.