ഇലക്ട്രിക് വാഹന നിർമാതാക്കളുടെ മുന്നിലുള്ള ഏറ്റവുംവലിയ വെല്ലുവിളി റേഞ്ച് അഥവാ പരിധിയാണ്. ഒരുതവണ പൂർണമായി ചാർജ് ചെയ്താൽ ഒരു വാഹനം സഞ്ചരിക്കുന്ന ദൂരമാണ് പരിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വൈദ്യുത വാഹനങ്ങളുടെ കാര്യത്തിൽ ആളുകൾ ഇപ്പോഴും സംശയത്തോടെ നോക്കുന്നത് കിലോമീറ്റർ റേഞ്ച് കണക്കുകളിലേക്കാണ്. പലപ്പോഴും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന റേഞ്ച് ഒരിക്കലും ഇ.വികൾക്ക് ലഭിക്കാറുമില്ല. ടെസ്റ്റിങ് സാഹചര്യങ്ങളിൽ നിന്ന് റിയൽ ലൈഫ് സാഹചര്യങ്ങളിലേക്ക് എത്തുേമ്പാൾ 30 ശതമാനത്തിെൻറയെങ്കിലും കുറവ് റേഞ്ചിൽ സംഭവിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ ഡെട്രോയിറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'അവർ നെക്സ്റ്റ് എനർജി' (ONE) എന്ന അമേരിക്കൻ കമ്പനി പുതിയൊരു പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ വർഷം സ്ഥാപിതമായ കമ്പനി പുതിയൊരു ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ്. ജെമ്നി എന്ന് പേരിട്ടിരിക്കുന്ന ബാറ്ററി ഘടിപ്പിച്ച് ടെസ്‌ല മോഡൽ എസിൽ നടത്തിയ പരീക്ഷണയോട്ടത്തിൽ ഒറ്റ ചാർജിൽ 1210 കിലോമീറ്റർ റേഞ്ച് കിട്ടിയെന്നാണ് വൺ അധികൃതർ പറയുന്നത്. ഡിസംബറിൽ നടന്ന പരീക്ഷണയോട്ടത്തിൽ ശരാശരി 88 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചത്.
നിലവിലെ ബാറ്ററികളെക്കാൾ ഇരട്ടി കാര്യക്ഷമതയുള്ളതാണ് ജെംനി. കൂടുതൽ പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം അടുത്ത വർഷം ബാറ്ററി വിപണിയിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മോഡൽ എസിൽ നടത്തിയ പരീക്ഷണത്തിൽ റിയൽ േവൾഡ് ടെസ്റ്റിലാണ് ഇൗ റേഞ്ച് ലഭിച്ചതെന്നതും എടുത്തുപറയേണ്ടതാണ്.
ഉയർന്ന സഞ്ചാര പരിധി, ഉയർന്ന വേഗത്തിലുള്ള ഡ്രൈവിങ്, പ്രതികൂല കാലാവസ്ഥ, റോഡ് സാഹചര്യങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന റേഞ്ച് നഷ്ടം ഇല്ലാതാക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇ.വികളുടെ പരീക്ഷണഘട്ടത്തിലെ നിർണായകമായ സംഭവം എന്നാണ് വാഹന വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.