റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 350 ബൈക്ക് ആംബുലൻസായി പരിഷ്കരിച്ചു. സൈന്യത്തിനുവേണ്ടിയാണ് 'രക്ഷിത' എന്ന പേരിൽ ബൈക്ക് ആംബുലൻസുകൾ നിർമിച്ചത്. വിദൂരസ്ഥലങ്ങളിൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിനാകും രക്ഷിത ഉപയോഗിക്കുക. ആദ്യ ബാച്ചായി 21 ബൈക്കുകൾ സെൻട്രൽ റിസർവ് പോലീസ് സേനയിൽ (സിആർപിഎഫ്) ഉൾപ്പെടുത്തി.
ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബൈക്കുകൾ ഔദ്യോഗികമായി അനാവരണം ചെയ്തു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസുമായി (ഇൻമാസ്) ചേർന്നാണ് രക്ഷിത വികസിപ്പിച്ചത്. ഒരു അപകടം നടന്ന ശേഷം ഒരാളെ രക്ഷിക്കാൻ ലഭിക്കുന്ന ആദ്യ മണിക്കൂറിനെ ഗോൾഡൻ അവർ എന്നാണ് ആരോഗ്യ വിദഗ്ധർ വിളിക്കുന്നത്. ഈ സമയത്ത് സൈനികരെ ആശുപത്രിയിലെത്തിക്കാൻ രക്ഷിത സഹായകമാകും എന്നാണ് കരുതപ്പെടുന്നത്.
2018ലാണ് മോട്ടോർബൈക്ക് ആംബുലൻസ് എന്ന ആശയവുമായി സിആർപിഎഫ് ഇൻമാസിനെ സമീപിച്ചത്. യുദ്ധമുഖങ്ങളിൽ ഉൾപ്പടെ ഉപയോഗിക്കാൻ കഴിയുന്ന വാഹനം എന്നനിലക്കാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350നെ ആംബുലൻസിനായി തെരഞ്ഞെടുത്തത്. ഹാൻഡ് ഇമോബിലൈസർ, ഹാർനെസ് ജാക്കറ്റ്, ഫിസിയോളജിക്കൽ പാരാമീറ്റർ മോണിറ്ററിംഗ് സിസ്റ്റം, ഡ്രൈവർക്ക് മുന്നറിയിപ്പ് സംവിധാനം, ഓക്സിജൻ കിറ്റ് തുടങ്ങിയവ ആംബുലൻസിലുണ്ട്.
ശരീരത്തിന്‍റെ ആരോഗ്യസംബന്ധമായ സുപ്രധാന പാരാമീറ്ററുകൾ അളക്കുന്നതിനുള്ള ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച എൽസിഡി ഡിസ്പ്ലേയും പ്രത്യേകതയാണ്. അപകട സ്ഥലത്തുതന്നെ വൈദ്യ പരിചരണവും പരിക്കേറ്റവർക്ക് ഗതാഗത സംവിധാനവും നൽകാൻ രക്ഷിതക്കാവും. തദ്ദേശീയമായതിനാൽ ചെലവ് കുറഞ്ഞ സംവിധാനവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.