പുതിയ നിറങ്ങളും അല്ലറ ചില്ലറ മാറ്റങ്ങളുമായി റോയൽ എൻഫീൽഡിന്‍റെ ഇരട്ടകൾ എന്നറിയപ്പെടുന്ന ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജി.ടിയും വിപണിയിൽ അവതരിപ്പിച്ചു. 650 സി.സി ബൈക്കുകളുടെ വില ആരംഭിക്കുന്നത് 2.75 ലക്ഷത്തിലാണ്. ഇന്‍റർസെപ്റ്റർ ഐഎൻടി 650ന് ഏഴ് കളർ ഓപ്ഷനുകളാണുള്ളത്. കോണ്ടിനെന്റൽ ജിടിക്കാകട്ടെ അഞ്ച് പുതിയ നിറങ്ങളും ലഭിക്കും. ഇതോടൊപ്പം റോയലിന്‍റെ 'മേക് ഇറ്റ് യുവേഴ്സ്' പദ്ധതിപ്രകാരം നിരവധി കൂട്ടിച്ചേർക്കലുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ അഭിരുചിക്കും ശൈലിക്കും അനുസരിച്ച് സീറ്റുകൾ, സംപ് ഗാർഡുകൾ, ടൂറിങ് മിററുകൾ, ഫ്ലൈസ്‌ക്രീൻ, മറ്റ് നിരവധി ഓപ്ഷനുകൾ എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഇതുപ്രകാരം ഉണ്ടാകും. ഇന്‍റർസെപ്റ്റർ 650 രണ്ട് പുതിയ സ്റ്റാൻഡേർഡ് (സിംഗിൾ ടോൺ) നിറങ്ങളിൽ ലഭ്യമാണ്- കാനിയൻ റെഡ്, വെഞ്ചുറ ബ്ലൂ എന്നിവയാണവ. രണ്ട് കസ്റ്റം (ഡ്യുവൽ ടോൺ) കളറുകൾ-ഡൗൺടൗൺ ഡ്രാഗ്, സൺസെറ്റ് സ്ട്രിപ്പ് എന്നിവയും നൽകിയിട്ടുണ്ട്. ഇതോടൊപ്പം മാർക്ക് 2 ൽ 'ക്രോം' വേരിയന്‍റിന്‍റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പും ഉണ്ട്. കൂടാതെ, നിലവിലുള്ള സിംഗിൾ-ടോൺ ഓറഞ്ച് ക്രഷും ഡ്യുവൽ ടോൺ ബേക്കർ എക്സ്പ്രസും നിറങ്ങൾ ബൈക്ക് നിലനിർത്തും.
കോണ്ടിനെന്റൽ ജിടി 650 കഫെറേസർ അഞ്ച് പുതിയ കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് റേസിങ് ഗ്രീൻ സ്റ്റാൻഡേർഡിനൊപ്പം റോക്കർ റെഡ് സ്റ്റാൻഡേർഡും (സിംഗിൾ ടോൺ) വാഹനത്തിനുണ്ട്. ഇതിനുപുറമെ, ഡ്യുവൽ ടോൺ കളറുകളും നൽകിയിട്ടുണ്ട്-ഡക്സ് ഡീലക്സ്, വെഞ്ചുറ സ്റ്റോം. കൂടാതെ നിലവിലുള്ള മിസ്റ്റർ ക്ലീനിന്‍റെ ട്വീക്ഡ് ക്രോം വേരിയന്‍റും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇന്‍റർസെപ്റ്റർ 650 (സ്റ്റാൻഡേർഡ്) വില 2,75,467 രൂപയാണ്. കസ്റ്റം കളർ ബൈക്കുകൾക്ക് 2,83,593 രൂപയും ക്രോം വേരിയന്‍റ് മാർക്ക് 2 ന് 2,97,133 രൂപയും വിലയുണ്ട്. കോണ്ടിനെന്‍റൽ ജിടി 650 സ്റ്റാൻഡേർഡിന് 2,91,701 രൂപയാണ് വില. കസ്റ്റം തീം മോഡലിന് 2,99,830 രൂപയും ക്രോം വേരിയന്‍റ് മിസ്റ്റർ ക്ലീൻ വാഹനത്തിന് 3,13,367 രൂപയും നൽകണം. പുതിയ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.