ഇന്ത്യയിൽ എം.പി.വി സെഗ്മന്റെിന്റെ ജനപ്രിയത എന്താണെന്നറിയാൻ നമ്മുടെ റോഡുകളിലേക്ക് പത്തുമിനിറ്റ് നോക്കിയിരുന്നാൽ മതി. തലങ്ങും വിലങ്ങും ഇന്നോവയുടെ ക്രിസ്റ്റയും ഹൈക്രോസും മാരുതിയുടെ എർട്ടിഗയുമെല്ലാം മിനിറ്റുകളുടെ ഇടവേളയിൽ മിന്നിമറയുന്നത് കാണാം. ഈ സെഗ്ന്റെിൽ ടൊയോട്ട ഇന്നോവയുടെ മൂന്നാം തലമുറയായ ഹൈക്രോസ് മിഡിൽ ക്ലാസിന്റെ സ്വപ്ന വാഹനമായി മാറി കഴിഞ്ഞു.
ഡിമാൻഡ് കൂടിയതോടെ വാഹനം ബുക്ക് ചെയ്ത് കൈയിൽ കിട്ടാൻ മാസങ്ങളോളമോ വർഷങ്ങളോ എടുത്തേക്കാം. ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റിന് നിലവിൽ 35 ആഴ്ചവരെ കാത്തിരിക്കണമെന്നാണ് റിപ്പോർട്ടുകൾ. കിട്ടാക്കനിയായി കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ടൊയോട്ട ഇന്നോവ ഹ്രൈക്രോസ് രണ്ടുവർഷംകൊണ്ട് ഒരു ലക്ഷം യൂനിറ്റുകൾ വിറ്റു തീർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2022 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഹൈക്രോസിന്റെ പ്രതിമാസ വിൽപന ശരാശരി 4,000 യൂനിറ്റാണ്.
പുതുതായി അവതരിപ്പിച്ച ഇന്നോവ ഹൈക്രോസ് ഒരു മോണോഷോക് ഷാസി വാഹനമാണ്. നിലവിലെ യാത്രാ സുഖവും സൗകര്യങ്ങളും ഇരട്ടിയാകും എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. എന്നാൽ അതുമാത്രമല്ല ഹൈക്രോസ് ഉടമകളെ കാത്തിരിക്കുന്നത്. ഒരു ഫൈവ് സ്റ്റാർ യാത്രക്ക് ചേർന്ന എല്ലാ ആഡംബരങ്ങളും നൽകുന്ന വാഹനമാണ് ഇന്നോവ ഹൈക്രോസ്.
ഹൈബ്രിഡ് എൻജിൻ, പനോരമിക് സൺറൂഫ്, പുഷ്ബാക്ക് സീറ്റുകൾ, സീറ്റുകൾക്ക് ഫുട് സപ്പോർട്ട് തുടങ്ങി ആഡംബര ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. പോരാത്തതിന് ലിറ്ററിന് 21.1 കിലോമീറ്റർ എന്ന അമ്പരപ്പിക്കുന്ന ഇന്ധനക്ഷമതയും ഈ സെവൻസീറ്റർ വാഹനം തരും.
ജനപ്രിയ മോഡലായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രീമിയം വകഭേതമായാണ് ഹൈക്രോസിനെ അവതരിപ്പിച്ചത്. ബേസ് മോഡലിന് 19.77 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലവരുന്നതെങ്കിലും ടോപ് വേരിയന്റിലേക്കെത്തുമ്പോൽ 30 ലക്ഷം കടക്കും. GX, GX (O), VX, VX (O), ZX, ZX (O) എന്നിങ്ങനെ ആറ് വേരിയന്റുകളാണ് ഇറങ്ങുന്നത്.
പെട്രോൾ-ഓൺലി, പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ചോയ്‌സുകളിലും ഏഴ്, എട്ട് സീറ്റർ ഓപ്ഷനുകളിലും ലഭ്യമാണ്. കറുപ്പ് കലർന്ന അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻറ് ഗാർഡ് ബ്രോൺസ് എന്നിങ്ങനെ ഏഴ് വ്യത്യസ്ത കളർ ചോയ്‌സുകൾ ലഭ്യമാണ്.
സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ല
പുതിയ തലമുറ ഇന്ത്യൻ ഉപഭോക്താക്കൾ സുരക്ഷക്ക് നൽകുന്ന പ്രാധാന്യം ടൊയോട്ടയും മനസിലാക്കിയിട്ടുണ്ട്. 360 ഡിഗ്രി സറൗണ്ട് ക്യാമറ, ആറ് എയർബാഗുകൾ, ഇ.എസ്.പി, ഹിൽ ഹോൾഡ്/ഡിസന്റ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയെല്ലാം ടൊയോട്ട ഹൈക്രോസിൽ ഉൾപ്പെടുത്തി. ടൊയോട്ട സേഫ്റ്റി സെൻസ് സ്യൂട്ട് അല്ലെങ്കിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) ഹൈക്രോസിലുണ്ട്.
അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിങ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് സിസ്റ്റം എന്നിവ എഡാസിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.