വാഹനലോകത്തെ പ്രതിസന്ധിയിലാക്കി സെമി കണ്ടക്ടർ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇൗ മാസം നിരവധി മോഡലുകളുടെ നിർമാണം ഭാഗികമായി തടസപ്പെടുമെന്ന് മാരുതി സുസുക്കി ഇന്ത്യ അധികൃതർ അറയിച്ചു. ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചത് മാരുതിയുടെ ഗുജറാത്തിലെ നിർമാണശാലയിലാണ്. ഓഗസ്റ്റ് 7, 14, 21 തീയതികളിൽ ഇവിടെ വാഹന നിർമാണം നിർത്തിവയ്ക്കാനും മാരുതി തീരുമാനിച്ചിട്ടുണ്ട്. ചില ഉത്പ്പാദന ലൈനുകൾ രണ്ടിനുപകരം ഒരു ഷിഫ്റ്റിലേക്ക് വെട്ടിക്കുറക്കാനും നീക്കമുണ്ട്.
ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 അർധചാലകങ്ങൾ ഉപയോഗിക്കുന്നതായാണ് കണക്ക്. ആഗോളതലത്തിൽ വാഹനവ്യവസായത്തെ അർധചാലക ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട് ഏറെക്കാലമായി. കോവിഡ് -19െൻറ പശ്ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ് പ്രശ്നത്തിന് കാരണമായത്. ചിപ്പ് നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തത് പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
സുസുകി മോട്ടോർ കോർപ്പറേഷെൻറ അനുബന്ധ സ്ഥാപനമാണ് സുസുകി മോട്ടോർ ഗുജറാത്ത് (എസ്എംജി). ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾക്കായി പൂർണമായും നിർമിച്ച കാറുകൾ മാരുതിക്ക് നൽകുന്നത് ഇവരാണ്. 2020 ഒക്ടോബറിൽ ഒരു ദശലക്ഷം യൂനിറ്റ് ഉൽപാദന ശേഷി കൈവരിച്ച നിർമാണശാലയാണിത്. നിലവിൽ മാരുതിയുടെ ഏറ്റവും വേഗതയേറിയ ഉത്പ്പാദന സൈറ്റാണ് എസ്എംജി. എസ്എംജിയുടെ എ, ബി, സി പ്ലാൻറുകളിലെ മൊത്തം ഉൽപാദന ശേഷി 750,000 യൂനിറ്റിലധികമാണ്. ഇവിടെയാണ് സെമികണ്ടക്ടർ ക്ഷാമം ഏറ്റവുംകൂടുതൽ ബാധിക്കുക. ബലേനോ ഉൾപ്പെടെയുള്ള മോഡലുകളുടെ നിർമാണമാണ് കൂടുതൽ പ്രതിസന്ധിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.