ഇ.വി സ്റ്റാര്‍ട്ടപ്പ് സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന് പുറത്തിറങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലാണ് ആദ്യം സിംപിള്‍ വണ്‍ പുറത്തിറക്കുക. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന രാജ്യെത്ത ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് വണ്‍ എന്നാണ് നിർമാതാക്കളുടെ അവകാശവാദം.
2021 ഓഗസ്റ്റില്‍ സിംപിള്‍ എനര്‍ജി തങ്ങളുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരുന്നു. അന്ന് സ്‌കൂട്ടറിന്റെ വിലയും റേഞ്ചുമൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും വാഹനം വിതരണം ചെയ്തിരുന്നില്ല. ഏഥർ എനർജിയുടെ ഇ.വികൾ കോപ്പിയടിച്ചാണ് വൺ നിർമിച്ചത് എന്ന ആരോപണവും അക്കാലത്ത് സിംപിൾ എനർജിക്കെതിരേ ഉയർന്നിരുന്നു. വിതരണ ശൃംഖലയിലെ പാകപ്പിഴകളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ് (AIS) മൂന്നാം ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചതുമാണ് വൈകലിന് കാരണങ്ങമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
അടുത്തിടെ ഉദ്ഘാടനം ചെയ്ത തമിഴ്‌നാട്ടിലെ സിംപിള്‍ വിഷന്‍ 1.0 നിര്‍മാണശാലയില്‍ നിന്നാണ് വണ്‍ വൈദ്യുത സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുന്നത്. ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 236 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി 2.75 മണിക്കൂറുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാം.
4.5 kW മോട്ടോറിന് പരമാവധി 72Nm ടോര്‍ക്ക് വരെ നല്‍കാനാവും. പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 2.95 സെക്കൻഡ് മതി. പരമാവധി വേഗം ടയറിന് അനുസരിച്ച് മണിക്കൂറില്‍ 98 കിലോമീറ്ററും 105 കിലോമീറ്ററുമാണ്. ഇകോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളാണ് വണ്‍ സ്‌കൂട്ടറിലുള്ളത്.
12 ഇഞ്ച് ചക്രങ്ങളും ടെലിസ്‌കോപിക് ഫോര്‍ക്കും സസ്‌പെന്‍ഷന് മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. ഡിസ്‌ക് ബ്രേക്കുള്ള വണ്ണിന് ആകെ 110 കിലോഗ്രാം മാത്രമാണ് ഭാരം. നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് വണ്‍ ലഭ്യമാവുക.എല്‍ഇഡി ഹെഡ്‌ലാംപുകളും 4ജി കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീനും പാട്ടിനും ഫോണ്‍ വിളിക്കാനുമായി ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഓണ്‍ബോര്‍ഡ് നാവിഗേഷന്‍ സൗകര്യവും സ്‌കൂട്ടറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.