ഒക്ടാവിയക്ക് പിന്നാലെ സൂപ്പർബും ഇന്ത്യ വിട്ടു, സ്‌കോഡ കുടുംബത്തിലെ ഏക സെഡാൻ ഇനി സ്ലാവിയ

പ്രീമിയം സെഡാനായ സൂപ്പർബ് നിർത്തലാക്കി ചെക്ക് റിപ്പബ്ലിക് കാർ നിർമാതാക്കളായ സ്‌കോഡ. ഈ വർഷം ഏപ്രിലിൽ സ്‌കോഡ ഒക്ടാവിയയെ ഇന്ത്യൻ വിപണിയിൽ നിർത്തലാക്കിയതിന് പിന്നാലെയാണിത്. സൂപ്പർബിനെ വെബ്‌സൈറ്റിൽ നിന്നും സ്‌കോഡ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.


സൂപ്പർബ് സെഡാൻ നിർത്തിയതോടെ ബ്രാൻഡിൽ നിന്ന് രാജ്യത്തുള്ള ഏക സെഡാൻ സ്ലാവിയ ആണ്. കൂടാതെ കുശാക്ക്, കൊടിയാക് എന്നീ മറ്റ് രണ്ട് മോഡലുകളാണ് ഇന്ത്യയിൽ സ്‌കോഡക്കുള്ളത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് കീഴിലാണ് നിലവിൽ സ്‌കോഡ.

ഇന്ത്യയിലെ സ്‌കോഡ സൂപ്പർബ്, ഒക്ടാവിയ സെഡാനുകളിൽ EA888 evo3 എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, രാജ്യത്തെ പുതിയ BS6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ ഈ എഞ്ചിൻ പാലിച്ചിരുന്നില്ല. ഇതാണ് രണ്ട് സെഡാനുകളും നിർത്തലാക്കാൻ സ്കോഡയെ നിർബന്ധിതരാക്കിയത്.

അതേസമയം, ഈ വർഷം അവസാനത്തോടെ പുതുതലമുറ സൂപ്പർബ്, ഒക്ടാവിയ സെഡാനുകൾ സ്കോഡ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിലേക്ക് പുതിയ മോഡലുകൾ എപ്പോൾ വരുമെന്ന് വ്യക്തമല്ല.


രണ്ട് സെഡാനുകളും സി.കെ.ഡി (കംപ്ലീറ്റ്‌ലി നോക്‌ഡ് ഡൗൺ) വഴി ഇന്ത്യയിലെത്തിച്ച് പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സാധ്യത. ശക്തമായ ഒരു ഹൈബ്രിഡ് പവർട്രെയിൻ സംവിധാനത്തോടെയാവും സൂപ്പർബും ഒക്ടാവിയയും എത്തുക എന്നും സൂചനയുണ്ട്. സെഡാനുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ സ്കോഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Skoda India silently discontinues Superb sedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.