ബെൻസും ബി.എം.ഡബ്ല്യൂവും ഓഡിയും പോലുള്ള ആഢംബര വാഹനങ്ങൾ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് പത്തമ്പത് ലക്ഷം ചിലവാകും. എന്നാൽ അതേ സൗകര്യങ്ങളും ഗ്ലാമറും കുറഞ്ഞ വിലക്ക് ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളിലൊന്നാണ് സ്കോഡ സൂപ്പർബ്. സ്കോഡ എന്ന വിശ്വസനീയ ആഢംബര ബ്രാൻഡിന്‍റെ ഉത്പന്നമെന്ന നിലയിൽ ജനപ്രിയമാണ് സൂപ്പർബുകൾ. സൂപ്പർബിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങി.
വാഹനത്തിന് രണ്ട് വേരിയന്‍റുകളാണുള്ളത്. സ്‌പോർട്‌ലൈന് 31.99 ലക്ഷവും ലോറിൻ ആന്‍റ് ക്ലെമന്‍റിന് (എൽ ആൻഡ് കെ) 34.99 ലക്ഷവും (എക്‌സ്‌ഷോറൂം, ഇന്ത്യ) വിലവരും. പുതിയ വാഹനത്തിന് പഴയ മോഡലിനെക്കാൾ 1.5 മുതൽ 2 ലക്ഷം രൂപ വരെ വർധിച്ചിട്ടുണ്ട്. നിരവധി പ്രത്യേകതകളോടെയാണ് പുതിയ സൂപ്പർബുകൾ വിപണിയിലെത്തുന്നത്. അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, വയർലെസ് ചാർജർ എന്നിവ സ്റ്റാൻഡേർഡാണ്. ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റത്തിൽ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ലഭിക്കും.
എൽ ആൻഡ് കെ വേരിയന്‍റിന് 360 ഡിഗ്രി ക്യാമറയും ഹാൻഡ് ഫ്രീ പാർക്കിങ്സിസ്റ്റവും നൽകിയിട്ടുണ്ട്. ഓഡിയിലൊക്കെ കാണുന്ന വെർച്വൽ കോക്ക്പിറ്റ് സൂപ്പർബിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയതും എടുത്തുപറയേണ്ടതാണ്. ഇത് മുമ്പ് സ്‌പോർട്‌ലൈനിൽ മാത്രമേ ഇവ ലഭ്യമായിരുന്നുള്ളു. 8.0 ഇഞ്ച് ആണ് ഇൻഫോടൈൻമെന്‍റ് സിസ്റ്റം. 190 എച്ച്പി 2.0 ലിറ്റർ ടർബോ-പെട്രോൾ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. 39.41 ലക്ഷം വിലയുള്ള ടൊയോട്ട കാംമ്രി ഹൈബ്രിഡിന്‍റെ നേരിട്ടുള്ള എതിരാളിയാണ് സൂപ്പർബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.