അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആദ്യത്തെ സൂപ്പർ കാർ ‘മാഡ 9’ അവതരണത്തിനൊരുങ്ങുന്നു. തദ്ദേശീയമായി നിർമിച്ച സൂപ്പർ കാറിന്റെ പ്രോട്ടോടൈപ്പ് നിർമാണം പൂർത്തിയായി. കാബൂൾ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ എന്റോപ്പും അഫ്ഗാനിസ്ഥാൻ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടും (ATVI) സംയുക്തമായാണ് കാർ വികസിപ്പിച്ചത്. അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും താലിബാൻ നേതാവുമായ അബ്ദുള്‍ ബാഖ്വി ഹഖാനി വാഹനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
മാഡ 9 ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട്ചെയ്യുന്നത്. 30 എഞ്ചിനീയർമാർ അഞ്ചു വർഷമെടുത്താണ് സൂപ്പർകാർ നിർമിച്ചത്. 2000 മോഡൽ ടൊയോട്ട കൊറോളയുടെ ഫോർ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന ഒരു മിഡ് എഞ്ചിൻ സൂപ്പർകാറാണ് മാഡ 9. സൂപ്പര്‍കാറുകൾക്ക് ഉതകുന്ന രീതിയില്‍ എഞ്ചില്‍ പരിഷ്ക്കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എത്ര കൂടിയ വേഗത്തിലും കാറിന് സ്ഥിരത നല്‍കുന്ന രീതിയിലാണ് നിർമാണമെന്ന് അഫ്ഗാനിസ്ഥാൻ ടെക്നിക്കല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ ഗുലാം ഹൈദര്‍ ഷഹാമെത്ത് പറഞ്ഞു.
കാറിന്റെ മറ്റ് സാങ്കേതിക സവിശേഷതകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എഞ്ചിൻ വിശദാംശങ്ങളും ലഭ്യമല്ല. പ്രോട്ടോടൈപ്പിനെ കറുപ്പു നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏതൊരു സൂപ്പർ കാറിനേയും അനുസ്മരിപ്പിക്കുന്ന രൂപമാണ് വാഹനത്തിന്. എയറോഡൈനാമിക് ഡിസൈനിൽ എയർ ചാനൽ ചെയ്യാനും ഡ്രാഗ് കുറയ്ക്കാനും നിരവധി എയർ വെന്റുകൾ നൽകിയിട്ടുണ്ട്.
موتر ساخت افغانستان pic.twitter.com/duPsGhI3AH
— Zabihullah (..ذبـــــیح الله م ) (@Zabehulah_M33) January 15, 2023
സ്‌പോർട്ടി ലുക്കിനായി ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിലാണ് തീർത്തിരിക്കുന്നത്. ഷാർപ്പായ ഫ്രണ്ട് സ്പ്ലിറ്റർ, വലിയ ബ്ലാക്ക് അലോയ് വീലുകൾ, ഫ്ലേർഡ് ഫെൻഡറുകൾ, വിശാലമായ എയർ ഇൻടേക്കോടുകൂടിയ സ്‌കൾപ്പഡ് സൈഡ് പ്രൊഫൈൽ, മിനുസമാർന്ന എൽഇഡി ടെയിൽലൈറ്റുകൾ, ബോൾഡ് ലുക്കിങ് റിയർ ഡിഫ്യൂസർ, സ്വൂപ്പിങ് റൂഫ്‌ലൈൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.
മാഡ 9 പ്രൊഡക്ഷൻ പതിപ്പ് പ്ലഗ് ഇൻ ഹൈബ്രിഡ് സൂപ്പർകാറായി പുറത്തിറങ്ങാനാണ് സാധ്യത. ഇലക്ട്രിക് മോഡലിലേക്ക് കാലതാമസമില്ലാതെ മാറാനുള്ള ഒരുക്കത്തിലാണെന്ന് ഗുലാം ഹൈദര്‍ ഷഹാമെത്ത് സൂചന നൽകിയിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പിന്റെ കുടക്കീഴിൽ അഫ്ഗാനിസ്ഥാനിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മാഡ 9 എന്നും സൂപ്പർകാറിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച താലിബാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.