രാജ്യത്തെ ഹോട്ട് ഹാച്ച് വിഭാഗത്തിന് മാറ്റുകൂട്ടാൻ പുതിയൊരു വാഹനംകൂടി വരുന്നു. ഇത്തവണ ഇന്ത്യയുടെ സ്വന്തം ടാറ്റയാണ് ഈ ‘ചൂടൻ’ വാഹനത്തിന് പിന്നിൽ. നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ആൾട്രോസ് ഹാച്ച്‌ബാക്കിലും ടാറ്റ കൈവയ്ക്കുന്നത്.
2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആൾട്രോസ് റേസർ ഹോട്ട് ഹാച്ച് കൺസെപ്റ്റ് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക് മോഡൽ പരീക്ഷണയോട്ടം നടത്തി. ആൾട്രോസ് റേസർ ടെസ്റ്റ് മോഡലിനെ പുണെയിലെ ടാറ്റയുടെ ഉൽപ്പാദന കേന്ദ്രത്തിന് സമീപം നിരത്തിലാണ് കണ്ടെത്തിയത്.
ആൾട്രോസ് ഹാച്ച്‌ബാക്കിന്റെ കൂടുതൽ ശക്തവും പ്രീമിയവുമായ പതിപ്പായിട്ടാണ് കമ്പനി റേസറിനെ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ബോണറ്റ് കോൺട്രാസ്റ്റിങ് ബ്ലാക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. റിയർവ്യൂ മിററുകൾ, റൂഫ്, ഫ്രണ്ട് ഗ്രില്ല്, 16 ഇഞ്ച് അലോയ് വീലുകൾ, റിയർ ബൂട്ട് ലിഡ് ഗാർണിഷ് എന്നിവയിൽ സ്പോർട്ടി ഫീലിനായി ഗ്ലോസ് ബ്ലാക് തീം നൽകിയിട്ടുണ്ട്.
റേസർ ഹാച്ച്ബാക്കിന്റെ ക്യാബിൻ പുതിയ അപ്ഹോൾസ്സറിയും ട്രിം ഗാർണിഷും ഡ്യുവൽ-ടോൺ ബ്ലാക്ക് & റെഡ് തീമോടെയാണ് ഒരുക്കിയിരിക്കുന്നത്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ TFT ഇൻസ്ട്രുമെന്റ് കൺസോൾ, ആറ് എയർബാഗുകൾ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും എയർ പ്യൂരിഫയറും വാഹനത്തിൽ നൽകിയിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്റ്റാൻഡേർഡ് ആൾട്രോസിലേക്ക് കമ്പനി സൺറൂഫും ചേർത്തിരുന്നു. ഇത് റേസറിലും വരും.
ആൾട്രോസിലെ 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന്റെ കൂടുതൽ ശക്തമായ ട്യൂണിങ്ങാണ് റേസറിൽ ഉപയോഗിക്കുക. എഞ്ചിൻ ടർബോചാർജ്ജ് ചെയ്ത ട്യൂണിലാണ് വരുന്നത്. ഇതിനകം തന്നെ നെക്‌സോണിന്റെ പെട്രോൾ വേരിയന്റുകളെ ശക്തിപ്പെടുത്തുന്ന യൂണിറ്റാണിത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്ന ആൾട്രോസ് റേസറിലെ എഞ്ചിൻ 120 PS മാക്സ് പവറും 170 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കും.
ടാറ്റ ആൾട്രോസ് റേസർ നേരിട്ട് ലക്ഷ്യമിടുന്നത് നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏക ബജറ്റ് ഹോട്ട് ഹാച്ച്ബാക്കായ ഹ്യുണ്ടായി ഐ 20 N-ലൈനിനെയാണ്. ഐ 20 എൻ ലൈനിന് പോന്ന എതിരാളിയായിരിക്കും ആൾട്രോസ് റേസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.