ഹെലികോപ്റ്റര്‍ വിപണിയിലേക്കും ചുവടുവെക്കാൻ ടാറ്റ; എയര്‍ബസുമായി കൈകോര്‍ക്കും

വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ടാറ്റ മോട്ടോർസ്. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസുമായി ചേര്‍ന്നാണ് ടാറ്റ ഹെലികോപ്റ്റര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. എച്ച് 125 എന്ന് പേരിട്ടിരിക്കുന്ന ഹെലികോപ്റ്ററിന്റെ നിർമാണം 2026ൽ ആരംഭിക്കാനാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. എയര്‍ബസിന്റെ പങ്കാളിത്തം ഇന്ത്യന്‍ ബഹിരാകാശ വിപണിയില്‍ പുത്തന്‍ ഉണര്‍വിനു വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

നിർമാണ പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍ പ്രതിവര്‍ഷം 10 ഹെലികോപ്റ്ററുകള്‍ ആയിരിക്കും നിര്‍മിക്കുക പിന്നീടിത് 50 ഹെലികോപ്റ്ററുകളായി ഉയർത്തും. രാജ്യാന്തരതലത്തില്‍ ഹെലികോപ്റ്ററിനുണ്ടായിരിക്കുന്ന ആവശ്യകതാണു ടാറ്റയെ പുതിയ നിര്‍മാണ പദ്ധതിയിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും വർഷത്തിനകം 500ല്‍ അധികം ഹെലികോപ്റ്റര്‍ യൂണിറ്റുകളുടെ ആവശ്യകത ഇന്ത്യയിലുണ്ടാകുമെന്ന് എയര്‍ബസ് കണക്കാക്കുന്നു. അമേരിക്കയുമായി കിടപിടിക്കത്തക്കവിധത്തിലുള്ള വാണിജ്യ വിപണിയാണു ഇന്ത്യയിലുള്ളതെന്നാണു കമ്പനിയുടെ കണ്ടെത്തല്‍. നിലവിലെ നിയന്ത്രണങ്ങള്‍ ശുഭകരമല്ല. എന്നാല്‍ കാലക്രമേണ അവ കൂടുതല്‍ അയവുള്ളതാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കമ്പനി.

നിലവില്‍ 7000ത്തിൽ അധികം എച്ച് 125 ഹെലികോപ്റ്ററുകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി 350 സിവില്‍, പാരാ-പബ്ലിക് ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാണിജ്യ ഹെലികോപ്റ്റര്‍ മേഖലയില്‍ എയര്‍ബസിന് 40 ശതമാനം വിപണി വിഹിതമുണ്ട്. ഇതും സഹായകമാകും. ഇന്ത്യയില്‍ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പുതിയ കേന്ദ്രം നിര്‍മിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

നിലവിൽ രാജ്യത്തെ ഹെലികോപ്റ്റര്‍ മേഖലയില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണു പ്രഥമസ്ഥാനത്തുള്ളത്. എച്ച്.എ.എല്‍ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളാണു പ്രഥാനമായും സര്‍വീസ് നടത്തുന്നത്. രണ്ട് പതിറ്റാണ്ടായുള്ള ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ 2022ല്‍ അവതരിപ്പിച്ചത്. ഏത് പ്രതികൂല കാലാവസ്ഥയിലും ടേക്ക് ഓഫും ലാന്‍ഡിങും നടത്താന്‍ ഇതിന് സാധിക്കും. വരുംവര്‍ഷങ്ങള്‍ ഇന്ത്യന്‍ വ്യോമയാന മേഖല പ്രകടമായ മാറ്റങ്ങള്‍ക്കു വിധേയമാകുമെന്നു കരുതാം.

Tags:    
News Summary - Tata and Airbus join hands for helicopter production in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.