ലോകത്ത് ഏറ്റവും മൂല്യമുള്ള പത്ത് ഓട്ടോമോട്ടീവ് കമ്പനികളുടെ റാങ്കിലേക്ക് ചുവടുവെച്ച് ടാറ്റ മോട്ടോഴ്സ്. വിപണി മൂലധനം ജൂലൈ 31ന് 51 ബില്യൻ ഡോളറിലെത്തിയതോടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഓട്ടോമോട്ടീവ് സ്ഥാപനമായി ടാറ്റ മോട്ടോഴ്‌സ് മാറുകയും ചെയ്തു. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി ഈ വര്‍ഷം 50 ശതമാനവും 2023ല്‍ 101 ശതമാനവും ഉയര്‍ന്നതിന് ശേഷമാണ് പുതിയ നേട്ടത്തിലെത്തിയത്.
ടെസ്‌ല ഇന്‍കോര്‍പ്പറേറ്റഡ് ആണ് 711.19 ബില്യൻ ഡോളറിന്റെ വിപണി മൂലധനവുമായി ലോകത്തെ ഓട്ടോമോട്ടീവ് മേഖലയില്‍ ഒന്നാം സ്ഥാനത്തുളളത്. ടൊയോട്ട മോട്ടോഴ്സ് 307.50 ബില്യണ്‍ ഡോളറും ബി.വൈ.ഡി കമ്പനി 92.65 ബില്യൻ ഡോളറുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഫെരാരി എന്‍.വി, മേഴ്‌സിഡീസ് ബെന്‍സ് ഗ്രൂപ്പ്, പോർഷെ, ബി.എം.ഡബ്ല്യു എ.ജി, വോക്‌സ്‌വാഗൻ, ഹോണ്ട മോട്ടോര്‍ കമ്പനി, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനത്തുള്ള കമ്പനികള്‍.
ടാറ്റ മോട്ടോഴ്സ് നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ മികച്ച വില്‍പ്പനയിലൂടെ ആധിപത്യം പുലര്‍ത്തുകയാണ്. വിപണി വിഹിതത്തിന്റെ 60 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനി 64,217 ഇലക്ട്രിക് കാറുകള്‍ വിറ്റു, മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 66 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ജൂലൈയിലെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 9.38 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയില്‍ 7,541 യൂണിറ്റ് ഇ.വികളാണ് ടാറ്റ വിതരണം ചെയ്തത്. കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പര്‍ വണ്‍ പാസഞ്ചര്‍ ഇ.വി ബ്രാന്‍ഡായും ടാറ്റ മാറി. 2024 ജൂലൈയില്‍ മഹീന്ദ്രയേക്കാള്‍ 10 മടങ്ങ് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ് ടാറ്റ സെഗ്മെന്റിലെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പാക്കിയിരിക്കുകയാണ്.
ടാറ്റ നെക്സോണ്‍ ഇ.വി, പഞ്ച് ഇ.വി, ടിയാഗോ ഇ.വി, ടിഗോര്‍ ഇ.വി തുടങ്ങിയ മോഡലുകളാണ് ടാറ്റയുടെ ഇലക്ട്രിക് സെഗ്മെന്റില്‍ വില്‍പ്പനക്ക് കരുത്താകുന്നത്. വില്‍പ്പന വീണ്ടും ഉയര്‍ത്താനായി കര്‍വിനെ കൂടാതെ ഒരുപിടി ഇവികള്‍ കൂടി ടാറ്റ കൊണ്ടുവരുന്നുണ്ട്. ഹാരിയര്‍ ഇ.വി ആയിരിക്കും ടാറ്റ ഇ.വി ലൈനപ്പില്‍ ഇടം പിടിക്കാന്‍ പോകുന്ന അടുത്ത കാര്‍. അഞ്ച് വേരിയന്റുകളിലും അത്ര തന്നെ നിറങ്ങളിലുമായി കര്‍വ് ഇ.വി കൂടി എത്തുന്നതോടെ വിപണിയിലെ ആധിപത്യം ടാറ്റ ഉറപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.