ടാറ്റ മോട്ടോർസിന്‍റെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് പഞ്ച്. ഇറങ്ങിയിട്ട് അധിക നാൾ ആയില്ലെങ്കിലും ഈ മൈക്രോ എസ്.യു.വിയുടെ രണ്ട് ലക്ഷത്തിലധികം യൂനിറ്റുകളാണ് ടാറ്റ മോട്ടോർസ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. പഞ്ചിന്‍റെ സി.എൻ.ജി മോഡലും അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ കമ്പനി. 7.10 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വാഹനം വിപണിയിൽ എത്തിയത്. ടോപ്പ്-സ്പെക്ക് വേരിയന്റിന് (എക്സ്-ഷോറൂം, ഡൽഹി) 9.68 ലക്ഷം രൂപ വരെ വിലവരും.
പഞ്ച് സി.എൻ.ജി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ ലഭ്യമാകും. ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ സി.എൻ.ജി നിരയിലെ നാലാമത്തെ മോഡലാണ് പഞ്ച്. മറ്റ് ടാറ്റ സി.എൻ.ജി മോഡലുകളെപ്പോലെ ടെയിൽഗേറ്റിലെ 'ഐ-സി.എൻ.ജി' ബാഡ്ജിങ് ഒഴികെ മൈക്രോ എസ്‌യുവിയുടെ ഡിസൈനിൽ കമ്പനി മാറ്റങ്ങങ്ങളൊന്നും വരുത്തിയിട്ടില്ല. ഇന്റീരിയറിലും മാറ്റങ്ങളില്ല.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കൂടാതെ സൺറൂഫ് തുടങ്ങിയ ഫീച്ചറുകളോടെയാണ് പഞ്ച് സി.എൻ.ജി വരുന്നത്. പഞ്ചിന്റെ പെട്രോൾ വകഭേദങ്ങളിൽ ലഭ്യമല്ലാത്ത സൺറൂഫ് ഫീച്ചർ സി.എൻ.ജിയിൽ ലഭിക്കും. അധികം വൈകാതെ പഞ്ചിന്റെ പെട്രോൾ വേരിയന്റുകളിലേക്കും സൺറൂഫ് എത്തുമെന്നാണ് സൂചന.
പഞ്ച് സി.എൻ.ജിക്ക് 1.2 ലിറ്റർ, ത്രീ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 75.94 bhp കരുത്തിൽ പരമാവധി 97 Nm ടോർക് ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ മാത്രമാണ് ഉൾപ്പെടുന്നത്. മൈലേജിന്റെ കാര്യം ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. ആൾട്രോസ് സി.എൻ.ജിക്ക് സമാനമായ ഇന്ധനക്ഷമത തന്നെയായിരിക്കും പഞ്ചിനും ലഭിക്കുക. എഞ്ചിനിലേക്കുള്ള സി.എൻ.ജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം യാന്ത്രികമായി അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്ന തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷനും പഞ്ച് സി.എൻ.ജിയെ വേറിട്ടുനിർത്തുന്ന കാര്യമാണ്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.