ഫോർഡിനോട് ബൈ ബൈ പറഞ്ഞ് 'ടാറ്റ'

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച അമേരിക്കന്‍ വാഹന നിർമാതാക്കളായ ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റ് ഇനി ഇന്ത്യയുടെ സ്വന്തം 'ടാറ്റ'ക്ക് സ്വന്തം. ടാറ്റ മോട്ടോഴ്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടി.പി.ഇ.എം.എൽ) ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്‌.ഐ.പി.എൽ) തമ്മില്‍ ഗുജറാത്തിലെ സാനന്ദിലുള്ള എഫ്‌.ഐ.പി.എല്ലിന്റെ നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്നതിനുള്ള യൂനിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. 725.7 കോടി രൂപക്കാണ് കൈമാറ്റം ഉറപ്പിച്ചത്.

ഇലക്ട്രിക് വാഹന നിർമാണത്തിനാകും ടാറ്റ മോട്ടോഴ്‌സ് ഈ പ്ലാന്റ് ഉപയോഗിക്കുക. പ്രതിവർഷം മൂന്ന് ലക്ഷം വാഹനങ്ങൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്‌സ് അധികൃതർ പറയുന്നു. ഇത് പ്രതിവർഷം 4,20,000 യൂനിറ്റുകളായി വിപുലീകരിക്കാൻ കഴിയും. മുഴുവൻ സ്ഥലവും കെട്ടിടങ്ങളും ഏറ്റെടുക്കൽ, യന്ത്രസാമഗ്രികൾ സഹിതം വാഹന നിർമാണ പ്ലാന്റ് കൈമാറൽ, ജീവനക്കാരുടെ കൈമാറ്റം എന്നിവ കരാറിൽ ഉൾപ്പെടുന്നു. അതേസമയം പ്ലാന്‍റിലെ എൻജിന്‍ നിർമാണ കേന്ദ്രം ഫോർഡ് ഇന്ത്യ തുടർന്നും പ്രവർത്തിപ്പിക്കുമെന്നും പ്രസ്‍താവനയിൽ പറയുന്നു. പവർട്രെയിൻ നിർമാണ പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റയിൽ നിന്ന് പാട്ടത്തിനെടുത്തായിരിക്കും ഫോര്‍ഡിന്‍റെ എൻജിന്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍. ഇരു കമ്പനികളും അന്തിമ കരാറിൽ ഒപ്പുവെച്ചെങ്കിലും സർക്കാറിന്‍റെ അംഗീകാരത്തിനും നടപടിക്രമങ്ങൾക്കും ശേഷമാകും ഇടപാട് പൂർത്തിയാകുക.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യൻ നിരത്തുകളിൽ സാന്നിധ്യമറിയിച്ച ഫോർഡ് വാഹന മാർക്കറ്റിലെ സാന്നിധ്യം രണ്ട് ശതമാനത്തിലും കുറഞ്ഞതോടെ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്.

Tags:    
News Summary - Tata says goodbye to Ford

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.