കാക്കനാട്: നികുതി വെട്ടിച്ച് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് ലക്ഷങ്ങൾ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ ഉടമക്കെതിരെയാണ് കേസെടുത്തത്. ഏഴ് ലക്ഷം രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾക്ക് നോട്ടീസ് നൽകി. എറണാകുളം ആർ.ടി ഓഫിസിലെ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷാണ് കോടികൾ വിലയുള്ള പോർഷെ കാർ പിടികൂടിയത്.
ചൊവ്വാഴ്ച ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലായിരുന്നു സംഭവം. ഡ്രൈവിങ് ലൈസൻസിനുള്ള റോഡ് ടെസ്റ്റിനിടെയാണ് ഡൽഹി രജിസ്ട്രേഷനിലുള്ള കാർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽ പെട്ടത്. കേരളത്തിലെത്തിച്ച് ദീർഘനാളായിട്ടും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നില്ല.
കാറിനെ പിന്തുടർന്ന വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് യുവാവ് താമസിച്ചിരുന്ന ഹോട്ടലിലെത്തി. തുടർന്ന് വിവരങ്ങൾ തേടിയശേഷം നികുതി വെട്ടിച്ചതിന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കുകയായിരുന്നു. വാഹനത്തിന്റെ രേഖകളും പിടിച്ചെടുത്തു.
പിഴ അടച്ച് വാഹനം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാനാണ് നിർദേശം. യുവാവിന്റെ അഭ്യർഥന പ്രകാരം ഇതിന് സാവകാശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച യുവ സംവിധായകന്റെ കാറിനെതിരെയും നികുതി അടക്കാത്തതിന് രണ്ട് ലക്ഷത്തോളം രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.