ടെസ്​ലക്കായി ആദ്യം നിരത്തിലെത്തുക നാല്​ മോഡലുകൾ; അംഗീകാരം ലഭിച്ചു

അമേരിക്കൻ വൈദ്യുത കാർ നിർമാതാവായ ടെസ്​ല ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന് സി.ഇ.ഒ ഇലോൺ മസ്​ക്​ പ്രഖ്യാപിച്ചതുമുതൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കർണാടകയിലെ ബംഗളൂരുവിൽ ടെസ്​ല കമ്പനി രജിസ്റ്റർ ചെയ്​താണ്​ പ്രവർത്തിക്കുന്നത്​. ടെസ്​ലയുടെ മോഡൽ 3, ​​മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുറത്തുവരുന്ന വിവരമനുസരിച്ച് രാജ്യത്ത്​ നാല് ടെസ്​ല മോഡലുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.


മോഡൽ 3, ​​മോഡൽ വൈ എന്നിവയുടെ രണ്ട് വേരിയൻറുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ്​ പ്രതീക്ഷ. എന്നാൽ ഇൗ വിവരം ഒൗദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. മോഡൽ എസ്, മോഡൽ എക്​സ്​ പോലുള്ള ഉയർന്ന മോഡലുകൾ പിന്നീടാകും ഇന്ത്യയിലെത്തുക. ടെസ്‌ല വാഹനങ്ങൾ സിബിയു അല്ലെങ്കിൽ പൂർണമായും നിർമിച്ച യൂനിറ്റുകളായി കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇക്കാരണത്താൽ, വില ഗണ്യമായി ഉയരാനുള്ള സാധ്യതയുണ്ട്​. മോഡൽ 3ക്കും മോഡൽ വൈയ്ക്കും 60 ലക്ഷത്തിന്​ മുകളിൽ വില പ്രതീക്ഷിക്കുന്നുണ്ട്​. മെട്രോപൊളിറ്റൻ നഗരങ്ങളിലാവും ടെസ്​ല തങ്ങളുടെ ആദ്യ ഡീലർഷിപ്പുകൾ സ്ഥാപിക്കുക. പ്രാദേശികമായി ഭാഗങ്ങൾ നിർമ്മിക്കാൻ ടെസ്‌ല തയ്യാറായാൽ വില ഗണ്യമായി കുറയും. ഇത്​ ഉടൻ ഉണ്ടാകാനുള്ള സാധ്യത കുറവാണ്​.

'ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി നേരത്തേ ടെസ്​ല രജിസ്റ്റർ ചെയ്​തിരുന്നു. വൈദ്യുത വാഹന നിർമാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന കമ്പനിയാണ്​ ടെസ്​ല​. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളെന്നാണ്​ ഈ അ​േമരിക്കൻ കമ്പനി അറിയപ്പെടുന്നത്​. ടെസ്‌ല ഇന്ത്യയിൽ നിർമാണ പ്ലാന്‍റ്​ സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ അതേപറ്റിയുള്ള സൂചനകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


അമേരിക്കയിലേത്​പോലെ ഇന്ത്യയിൽ ടെസ്‌ല അതിന്‍റെ നേരിട്ടുള്ള വിൽപ്പന മാതൃക പിന്തുടരുമെന്നാണ്​സൂചന. കമ്പനി സ്വന്തം സെയിൽസ് ചാനലുകൾ നിയന്ത്രിക്കുകയും, ഷോറൂമുകളും സ്വന്തമായി കേന്ദ്രങ്ങൾ വഴിയും കാറുകൾ വിറ്റഴിക്കുകയും ചെയ്യും. ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് ടെസ്‌ലയുടെ സ്വന്തം ജീവനക്കാരാണ്. സർവീസിലും മാറ്റം പ്രകടമായിരിക്കും. ഉപഭോക്താവിന്‍റെ സേവന അഭ്യർഥനകളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് മോഡൽ സർവീസ് ടെക്നീഷ്യൻമാരുടെ ടീമാണ്. ഇവരും ടെസ്​ലയിലെ മുഴുവൻ സമയ ജോലിക്കാരാണ്.

വാഹനങ്ങളുടെ തകരാറുകൾ വീട്ടിലെത്തി പരിഹരിക്കുന്നതിനും ടെസ്​ലക്ക്​ വിപുലമായ സംവിധാനമുണ്ട്​. ബംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാകും വിൽപ്പന തുടങ്ങുക. തുടർന്ന്​ ഹൈദരാബാദ്, ചെന്നൈ, പുനെ നഗരങ്ങളിലും വ്യാപിപ്പിക്കും. ആംസ്റ്റർഡാം, സിഡ്നി, തായ്‌വാൻ എന്നിവിടങ്ങളിലെ പ്രാദേശിക ഓഫീസുകളിൽ നിന്ന് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ്​ സാധ്യത. ബ്രാൻഡിന്‍റെ വളരെയധികം പ്രചാരമുള്ള സൂപ്പർചാർജർ ശൃംഖല ഇന്ത്യയിലും കാണുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. യുഎസിലെയും യൂറോപ്പിലെയും ബ്രാൻഡിന്‍റെ വിജയത്തിന് ഈ സൗകര്യം അനിവാര്യമായിരുന്നു. ഇന്ത്യയിൽ ഇവ സ്​ഥാപിക്കുക ചെലവേറിയ ജോലിയാണ്.


ടെസ്​ല നേരിട്ട്​ ഇൻസ്റ്റാൾ ചെയ്യുന്ന ഹോം / ഓഫീസ് ബോക്സ് ചാർജറുകളാവും ഇന്ത്യയിൽ നൽകുക. ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ടെസ്‌ല ഓഫർ എൻട്രി ലെവൽ വാഹനമായ മോഡൽ 3 ആയിരിക്കും. മോഡൽ 3 ലോംഗ് റേഞ്ചിന് 560 കിലോമീറ്റർ വരെ ഒറ്റചാർജിൽ സഞ്ചരിക്കാനാകും. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കും. തീരെ വിലകുറഞ്ഞ വാഹനങ്ങളല്ല ടെസ്​ലയുടേത്​. മോഡൽ 3 എന്ന ഏറ്റവും കുറഞ്ഞമോഡൽ മെഴ്‌സിഡസ് സി ക്ലാസ് അല്ലെങ്കിൽ ബി‌എം‌ഡബ്ല്യു 3-സീരീസിന് തുല്യമാണ്.55-60 ലക്ഷം രൂപ വരെ ഇവക്ക്​ വിലയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.