പൂർണമായി ഇന്ത്യയിൽ നിർമിക്കപ്പെട്ട ആദ്യ എസ്.യു.വി എന്ന വിശേഷണമുള്ള വാഹനമാണ് മഹീന്ദ്ര എക്സ്.യു.വി 500. വലിയ രീതിയിൽ ജനപ്രിയമായ വാഹനംകൂടിയാണിത്. അടുത്തിടെയാണ് എക്സ്.യു.വി 500നു പകരം തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായി എക്സ്.യു.വി 700 കമ്പനി അവതരിപ്പിച്ചത്. ഇൗ വാഹനവും വലിയരീതിയിൽ നിരൂപക പ്രശംസ നേടിയിരുന്നു. വാഹനത്തിെൻറ വിതരണം മഹീന്ദ്ര ഇനിയും ആരംഭിച്ചിട്ടില്ല.
ഇപ്പോൾ പുറത്തുവരുന്ന വിവരം ഗ്ലോബൽ എൻ.സി.എ.പി (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) ടെസ്റ്റിൽ മഹീന്ദ്ര എക്സ്.യു.വി 700ന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിച്ചു എന്നാണ്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറുകളുമാണ് വാഹനത്തിന് ലഭിച്ചത്. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 17-ൽ 16.03 പോയിന്റുകൾ വാഹനം നേടി. കുട്ടികളുടെ സംരക്ഷണത്തിൽ 49ൽ 41.66 പോയിൻറാണ് ലഭിച്ചത്. ക്രാഷ് ടെസ്റ്റ് ചെയ്ത മോഡലിൽ ഇരട്ട എയർബാഗുകളും െഎസോഫിക്സ് മൗണ്ടുകളും ഉണ്ടായിരുന്നു.
ഡ്രൈവറുടെയും മുൻസീറ്റ് യാത്രക്കാരന്റെയും തല, കഴുത്ത്, നെഞ്ച്, കാൽമുട്ടുകൾ എന്നിവയ്ക്ക് മികച്ച സംരക്ഷണം വാഹനം നൽകും. എസ്‌യുവിയുടെ ബോഡി ഷെല്ലും ഫുട്‌വെൽ ഏരിയയും 'സ്ഥിരവും' 'കൂടുതൽ ഭാരം താങ്ങാൻ ശേഷിയുള്ളതും' ആയി റേറ്റുചെയ്‌തു.
എക്സ്.യു.വി 700:സ്വപ്ന വാഹനം
രണ്ട് വിഭാഗങ്ങളിലായി നിരവധി വകഭേദങ്ങളാണ് എക്സ്.യു.വി 700നുള്ളത്. അടിസ്ഥാന വേരിയൻറുകൾ എം.എക്സ് സീരീസിൽ എത്തും. അഡ്രിനോ എക്സ് അഥവാ എ.എക്സ് സീരീസിലാവും ഉയർന്ന വകഭേദങ്ങൾ എത്തുക. എം.എക്സ് പെട്രോൾ മാനുവൽ വാഹനത്തിന് 11.99 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എം.എക്സ് ഡീസൽ മാനുവലിന് 12.49 ലക്ഷം രൂപയാണ് വില. കുടുതൽ സവിശേഷതകളുള്ള എ.എക്സ് 3 സീരീസിെൻറ പെട്രോൾ മാനുവലിന് 13.99 ലക്ഷം രൂപ മുതൽ ആരംഭിക്കും. എ.എക്സ് 5 പെട്രോൾ മാനുവലിന് 14.99 ലക്ഷം രൂപ വിലവരും.
അലക്സ വോയ്‌സ് എ.െഎ
അലക്സ വോയ്‌സ് എ.െഎ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും എക്സ്.യു.വി 700. വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഒരാൾക്ക് വാഹനത്തിെൻറ നിരവധി സവിശേഷതകൾ പ്രവർത്തിപ്പിക്കാനാവും. ആമസോൺ എക്കോ ഉപകരണങ്ങളുമായി വാഹനത്തിൽ നിന്ന് ആശയവിനിമയം നടത്താനും കഴിയും. വീട്ടിലായിരിക്കുമ്പോൾ, ഈ ഉപകരണങ്ങൾ വഴി വാഹനത്തിലെ ചില പ്രവർത്തനങ്ങളും നിയന്ത്രിക്കാം.
സോണി ത്രീ ഡി സറൗണ്ട്
എക്സ്.യു.വിയിലെ ഓഡിയോ സിസ്റ്റം ലോകോത്തരമാണെന്നാണ് മഹീന്ദ്ര പറയുന്നത്. സോണി ത്രീഡി സൗണ്ട് സിസ്റ്റമാകും എക്സ്.യു.വിയുടെ ഉയർന്ന വകഭേദങ്ങളിൽ വരിക. റൂഫ് മൗണ്ടഡ് സ്പീക്കറുകൾ, ആംപ്ലിഫയർ, സബ് വൂഫർ എന്നിവ ഉൾപ്പെടുന്ന 445 വാട്ട് ഒാഡിയോ സിസ്റ്റമാണ് സോണി എക്സ്.യു.വിക്കായി നൽകുന്നത്. ഇന്ത്യയിൽ പ്രീമിയം ത്രീഡി സറൗണ്ട് സൗണ്ട് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യത്തെ കാറായിരിക്കും എക്സ്.യു.വി.
ഒാഡിയോ സിസ്റ്റത്തിൽ 12 കസ്റ്റം ബിൽറ്റ് സ്പീക്കറുകൾ ഉൾപ്പെടും. വാതിലുകൾ, ഡാഷ്‌ബോർഡ്, ബൂട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്പീക്കറുകൾ ഉണ്ടാകും. കംപ്രസ് ചെയ്ത ഓഡിയോ ഫയലുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ ഒാഡിയോ സിസ്റ്റത്തിനാകും. റേഡിയോ മുതൽ യുഎസ്ബി, ഓൺലൈൻ സ്ട്രീമിങ് വരെയുള്ള ഇൻപുട്ടുകൾക്കെല്ലാം ത്രീ ഡി ഓഡിയോ സാങ്കേതികവിദ്യ അനുയോജ്യമാണ്. സിസ്റ്റത്തിലെ മറ്റൊരു സവിശേഷത, വാഹനത്തിെൻറ വേഗതക്കനുസരിച്ച് ശബ്ദം ക്രമീകരിക്കാനാവും എന്നതാണ്. ബാഹ്യ ശബ്ദങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന് ഇത് സഹായിക്കും.
ക്ലിയർവ്യൂ ഹെഡ്ലൈറ്റ്, ടെയിൽ ലൈറ്റ്
എക്സ്.യു.വി 700ൽ ക്ലിയർ-വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് സംവിധാനം ആണ് ഉണ്ടാവുക. ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പുകൾ എന്നാണ് ഇവയെ മഹീന്ദ്ര വിളിക്കുന്നത്. എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ പുറത്തെ പ്രകാശത്തിനനുസരിച്ച് ലൈറ്റ് ബീമുകളെ ക്രമീകരിക്കാൻ സാധിക്കുന്നതാണ്.
സ്മാർട്ട് ഫിൽറ്റർ ടെക്നോളജി
ശുദ്ധമായ ക്യാബിൻ എയർ ഉറപ്പാക്കുന്ന സ്മാർട്ട് ഫിൽറ്റർ ടെക്നോളജി എക്സ്.യു.വിയുടെ പ്രത്യേകതയാണ്. ഡ്രൈവർ മോണിറ്ററിങ് സിസ്റ്റം, സ്മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിങ്ങനെ നിരവധി സവിശേഷതകളും എസ്‌യുവിക്കുണ്ട്. മഹീന്ദ്ര എസ്‌യുവി ശ്രേണിക്കായി അവതരിപ്പിച്ച പുതിയ ലോഗോയാവും വാഹനത്തിൽ ഉപയോഗിക്കുക. ഇൻഫോടെയിൻമെൻറിനും ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനുമായി ഡ്യൂവൽ സ്ക്രീൻ ഒാപ്ഷനും നൽകിയിട്ടുണ്ട്.
ശക്തിയേറിയ എഞ്ചിൻ
പുതിയ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂനിറ്റ് 200എച്ച്.പി കരുത്തും 380എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. 2.2 ലിറ്റർ, നാല് സിലിണ്ടർ എം ഹോക് ടർബോചാർജ്ഡ് യൂനിറ്റാണ് ഡീസലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് ടൂണിങുകളിൽ ഡീസൽ എഞ്ചിൻ ലഭ്യമാകും. 155എച്ച്.പി, 360എൻ.എം ഉത്പാദിപ്പിക്കുന്നതാണ് ഒരു വകഭേദം. ഉയർന്ന വേരിയൻറുകളിൽ 185എച്ച്.പി, 420എൻ.എം (450എൻ.എം ഓട്ടോമാറ്റിക് ഗിയർബോക്സ്) പുറപ്പെടുവിക്കുന്ന ഡീസൽ എഞ്ചിനും ഉണ്ട്. നാല് ഡ്രൈവ് മോഡുകൾ വാഹനത്തിന് നൽകിയിട്ടുണ്ട്. സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നിവയാണവ.രണ്ട് എൻജിനുകളിലും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ടായിരിക്കും. ലോവർ-സ്പെക്ക് ഡീസൽ മാനുവലിൽ മാത്രമേ ലഭ്യമാകൂ. ഓൾ-വീൽ ഡ്രൈവ് മോഡലും ഓഫറിൽ ഉണ്ട്.
എതിരാളികൾ
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ, സ്കോഡ കുഷാക്ക്, വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൺ, ടാറ്റാ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിങ്ങനെ മൂന്ന് നിര എസ്‌യുവികളെല്ലാം എക്സ്.യു.വിയുടെ എതിരാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.