ഒരു വാഹനം ബുക്ക് ചെയ്തശേഷം ഡെലിവെറിക്കായി കാത്തിരിക്കേണ്ടത് നാല് വർഷം. അതിശയോക്തിയല്ല ഇത്, സത്യമായ കാര്യമാണ്. എന്നാൽ വാഹന കമ്പനി ഏതെന്ന് അറിയുേമ്പാൾ ഇങ്ങിനെ സംഭവിച്ചതിൽ അതിശയമില്ലെന്ന് മനസിലാകും. സാക്ഷാൽ ടൊയോട്ടയുടെ ഫ്ലാഗ്ഷിപ്പ് എസ്.യു.വിയായ ലാൻഡ് ക്രൂസറിനാണ് നാല് വർഷത്തെ കാത്തിരിപ്പ് കാലയളവുള്ളത്.
കഴിഞ്ഞ വർഷമാണ് ടൊയോട്ട പുതിയതും മെച്ചപ്പെടുത്തിയതുമായ ലാൻഡ് ക്രൂയിസർ എൽ.സി 300 അവതരിപ്പിച്ചത്. മുൻഗാമിയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുമായാണ് പുതിയ തലമുറ മോഡൽ പുറത്തിറങ്ങിയത്. നിരത്തിലെത്തിയപാടെ ലാൻഡ്ക്രൂസറിെൻറ ബുക്കിങ് കുതിച്ചുകയറാൻ തുടങ്ങി. ഇതോടെയാണ് വെയിറ്റിങ് പീരീഡും വർധിച്ചത്. ചിപ്പ് ക്ഷാമം കാറിന്റെ ഉൽപ്പാദനത്തെ ബാധിക്കുമെന്നും ചില ഉപഭോക്താക്കൾക്ക് നാല് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇപ്പോൾ കമ്പനി അതേ കുറിച്ച് ഔദ്യോഗിക പ്രസ്താവനതന്നെ പുറത്തിറക്കിയിട്ടുണ്ട്. കമ്പനി അവരുടെ ജാപ്പനീസ് വെബ്‌സൈറ്റിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. 'ഞങ്ങളുടെ വാഹനങ്ങൾ പരിഗണിക്കുന്നതിനും ഓർഡർ ചെയ്തതിനും വളരെ നന്ദി. ജപ്പാനിലും ലോകമെമ്പാടും ലാൻഡ് ക്രൂയിസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഓർഡർ നൽകിയതിന് ശേഷം നിങ്ങൾക്ക് ലാൻഡ് ക്രൂയിസർ ഡെലിവർ ചെയ്യാൻ ഒരുപാട് സമയമെടുക്കുമെന്നതിൽ ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. നിലവിൽ ഓർഡർ നൽകുകയാണെങ്കിൽ, ഡെലിവറി സമയം 4 വർഷം വരെയാകാം. ഡെലിവറി സമയം കുറയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും'-കുറിപ്പ് പറയുന്നു.
ഉത്പ്പാദനം കുറച്ചതോടെ ഇന്ത്യയുൾപ്പെടെ ചില അന്താരാഷ്ട്ര വിപണികളിൽ മോഡൽ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികൾ കമ്പനി വൈകിപ്പിക്കാൻ സാധ്യതയുണ്ട്.പെട്രോൾ, ഡീസൽ എൻജിനുകളുമായാണ് പുതിയ ലാൻഡ് ക്രൂസർ വിപണിയിലെത്തിയത്. പെട്രോള്‍ മോഡലിന് 3.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എൻജിനും ഡീസലിന് 3.3 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എൻജിനുമാണുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എഞ്ചിനുമുള്ളത്. വിലയില്‍ കുറവുള്ള വി6 പെട്രോള്‍ എൻജിനുള്ള മോഡലും വൈകാതെ വിപണിയിലെത്തുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഇതിനുണ്ടാവുക 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.
ലൈന്‍ കീപ്പ് അസിസ്റ്റ്, ക്രാഷ് അവോയ്ഡന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോള്‍, അഡാപ്റ്റീവ് ഹൈ ബീം തുടങ്ങിയ ആധുനിക ഫീച്ചറുകളും ടൊയോട്ട വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ടച്ച് സ്‌ക്രീനുകളുള്ള(9 ഇഞ്ച്, 12.3 ഇഞ്ച്) എല്‍സി 300ല്‍ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും വഴിയാണ് വിവരങ്ങള്‍ ലഭ്യമാവുക. 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, സ്റ്റിയറിംങ് വീലിന് ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് ഓതന്റികേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളും പുത്തന്‍ മോഡലില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.
നേരത്തേ, വാഹനം വാങ്ങുന്നവർ നിശ്ചിതകാലത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നും ടൊയോട്ട നിബന്ധനവച്ചിരുന്നു. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു നിബന്ധനയുള്ളത്. എല്‍സി 300 വാങ്ങുന്നതിന് മുമ്പായി എല്ലാ ഉപഭോക്താക്കളും ഒരു കരാറില്‍ ഒപ്പുവയ്ക്കേണ്ടതുണ്ട്. ഈ കരാര്‍ പ്രകാരം 12 മാസത്തേക്ക് ഈ വാഹനം കൈമാറ്റം ചെയ്യാന്‍ പാടില്ല. ഈ കരാര്‍ ലംഘിക്കുന്നവരെ ആജീവനാന്തം ടൊയോട്ട വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നു കമ്പനി വിലക്കുകയും ചെയ്യും. കൂടുതൽ വാഹനങ്ങൾ ഒാർഡർ ചെയ്ത് വിലകൂട്ടി കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാനാണ് ഇത്തരമൊരു നിബന്ധ ടൊയോട്ട മുന്നോട്ടുവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.