പെട്രോൾ ഇല്ലെങ്കിലും ഓടും; രാജ്യത്തെ ആദ്യ ഫ്ലക്സ് എഞ്ചിൻ വാഹനം പുറത്തിറക്കി ടൊയോട്ട

പെട്രോൾ വില കുറക്കാനാവില്ലെന്ന തിരിച്ചറിവിൽ രാജ്യത്ത് പ്രഖ്യാപിച്ച ഇന്ധനനയമാണ് ഫ്ലക്സ് ഫ്യൂവലിന്റേത്. പരമാവധി പെട്രോൾ ഉപയോഗം കുറക്കുക എന്നതായിരുന്നു കേന്ദ്രം ആവിഷ്കരിച്ച പുതിയ നയത്തിന്റെ അടിസ്ഥാന ആശയം. ഒന്നിലധികം തരത്തിലുള്ള ഇന്ധനത്തിലോ ഇന്ധനത്തിന്റെ മിശ്രിതത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനുകളെയാണ് ഫ്ലക്സ് എഞ്ചിനുകൾ എന്ന് വിളിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ എഥനോൾ അല്ലെങ്കിൽ മെഥനോൾ പെട്രോൾ മിശ്രിതമാണ് ഇത്തരം ഇന്ധനങ്ങളായി ഉപയോഗിക്കുന്നത്. ഫ്ലെക്സ് ഇന്ധന എഞ്ചിന് നൂറുശതമാനം പെട്രോളിലോ എഥനോളിലോ പ്രവർത്തിക്കാൻ കഴിയുമെന്നതും സവിശേഷതയാണ്.

ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത് ടൊയോട്ടയാണ്. കമ്പനിയുടെ പുതുതലമുറ കൊറോള ആള്‍ട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ പതിപ്പ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയിലാണ് വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനമായാണ് കൊറോള ആള്‍ട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിൻ 101 ബി.എച്ച്.പി. പവറും 142.2 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതിനൊപ്പം 72 ബി.എച്ച്.പി. പവറും 162.8 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 1.3kWh ബാറ്ററിപാക്കും നൽകിയിട്ടുണ്ട്. സി.വി.ടിയാണ് ട്രാന്‍സ്മിഷന്‍.

കേന്ദ്രത്തിന്റെ ഭാവി പദ്ധതി ഇതാണ്

നമ്മുടെ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ എഥനോൾ കലർത്തുകയാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശം. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാമെന്നാണ് സർക്കാർ നിഗമനം. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയാണ് ഇത്തരത്തിൽ കലർത്തുന്നത്. ഇത്തരം കലർപ്പുള്ള ഇന്ധ മിശ്രിതത്തിന് അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുകളെയാണ് ഫ്ലക്സ് എഞ്ചിനുകൾ എന്നുവിളിക്കുന്നത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ളവയെ പരിഷ്കരിച്ചാണ് ഫ്ലക്സ് എഞ്ചിൻ രൂപപ്പെടുത്തുന്നത്.

ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാല്‍, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവില്‍ കാര്യമായ കുറവുണ്ടായേക്കുമെന്നാണ് സർക്കാർ പറയുന്നത്. ഇതോടൊപ്പം പെട്രോളിയം ഇറക്കുമതി ഗണ്യമായി കുറയ്ക്കാമെന്നും ഗതാഗത വകുപ്പ് കരുതുന്നു.

പുതുമയുള്ള ഡിസൈനോടെയാണ് ആഗോളതലത്തില്‍ പുതുതലമുറ ആള്‍ട്ടിസ് എത്തിയത്. ഈ ഡിസൈന്‍ ശൈലി തന്നെയാണ് ഇന്ത്യയിലെ ഫ്‌ളെക്‌സ് ഫ്യുവല്‍ പതിപ്പിലും നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള നേര്‍ത്ത ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലാമ്പ്, ജെ ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വലിയ എയര്‍ഡാം, വലിയ ബമ്പര്‍ എന്നിവ മുഖം അലങ്കരിക്കുമ്പോള്‍ ക്രോം സ്ട്രിപ്പുകള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന റാപ്പ്എറൗണ്ട് ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.

Tags:    
News Summary - Toyota Corolla Altis Hybrid, India's first flex fuel car launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.