ടൊയോട്ടയുടെ കരുത്തൻ ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്ക് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമാവുന്നു. സൈന്യത്തിനായുള്ള ഹൈലക്‌സ് പിക്ക്-അപ്പ് ട്രക്കിന്‍റെ ആദ്യ ബാച്ച് ഡെലിവറി കഴിഞ്ഞ ദിവസം നടന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ സൈന്യം ജാപ്പനീസ് വാഹനഭീമനായ ടൊയോട്ടയുടെ ഒരു വാഹനം ഉപയോഗിക്കുന്നത്. ഇന്ത്യൻ ആർമിയുടെ വടക്കൻ കമാൻഡിലെ ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി രണ്ട് മാസത്തെ തീവ്രമായ പരിശോധനയാണ് ഈ ഓഫ് റോഡ് വാഹനത്തിൽ നടത്തിയത്.
13000 അടി ഉയരമുള്ള കാഠിന്യമേറിയ പ്രദേശത്തും പൂജ്യത്തിലും താഴെ താപനിലയുള്ള മേഖലകളിലും പരീക്ഷണയോട്ടം നടത്തിയാണ് വാഹനം വാങ്ങാൻ സൈന്യം തീരുമാനിച്ചത്. ഇന്ത്യന്‍ ആര്‍മിയിലേക്ക് ഹൈലെക്‌സ് എത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഹൈലക്സിനെ സേനയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും ടൊയോട്ട അറിയിച്ചു.
ആരും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വാഹനത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. രാജ്യത്ത് ഇതേവരെ ക്ലച്ച് പിടിക്കാതിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിക്ക് ഉണർവേകുന്നതായിരുന്നു ഹൈലക്‌സിന്റെ വരവ്. ആദ്യ ബാച്ചിനായുള്ള ബുക്കിങ് തുറന്നപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ലഭിച്ചത്. ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്‍റെ തന്നെ ഭാഗമാവുന്നതോടെ ഹൈലക്സിന്‍റെ പേരും പ്രശസ്തിയും ഉയരുമെന്ന് തീർച്ച.
ഹൈലക്‌സിന് കരുത്തേകുന്നത് 2.8 ലീറ്റര്‍ ഡീസല്‍ എൻജിനാണ്. 204 എച്ച്.പി കരുത്തും 420 എൻഎമ്മും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ ടോര്‍ക്ക് 500 എൻ.എമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹൈലക്‌സില്‍ ഫോർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്. ഫോര്‍ച്യൂണർ എസ്‌യുവിയും ഇന്നോവ ക്രിസ്റ്റയും ഒരുക്കിയിട്ടുള്ള ഒരേ ഐ.എം.വി 2 പ്ലാറ്റ്ഫോമിലാണ് ഹൈലക്‌സിന്റെ നിർമാണം. 5,325 എം.എം നീളവും 1,855 എം.എം വീതിയും 1,815 എം.എം ഉയരവും 3,085 എം.എം വീല്‍ബേസുമാണുള്ളത്.
ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 700 എം.എം വാട്ടർ വേഡിങ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, റിയർ ഡിഫ് ലോക്ക് എന്നീ സവിശേഷതകളെല്ലാം ഉള്ളതിനാൽ ഏത് കുന്നും മലയും താണ്ടാൻ ഈ പിക്കപ്പ് ട്രക്കിനാവും. ഫോര്‍ച്യൂണറിനു സമാനമായ ടച്ച്‌സ്‌ക്രീനും ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഇന്‍സ്ടുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും മുന്‍ സീറ്റുകളുമാണ് ഹൈലക്‌സിലുമുള്ളത്. 8.0 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പ്രവര്‍ത്തിപ്പിക്കാനാകും. ഏഴ് എയര്‍ബാഗുകളുള്ള വാഹനത്തിന് ലെതര്‍ അപ്പോള്‍സ്ട്രിയാണുള്ളത്.
മുന്നിലും പിന്നിലുമുള്ള പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, ടയര്‍ ആങ്കിള്‍ മോണിറ്റര്‍, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഹൈലക്‌സിലുണ്ട്. ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എ.ടിക്ക് 37.90 ലക്ഷവും രൂപയും ഹൈ എം.ടിക്ക് 37.15 ലക്ഷവുമാണ് വില. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.