വില കൂടുതലാണെന്ന് പരാതിയുണ്ടല്ലേ; എന്നാൽ ഇനിയും വിലകൂട്ടുമെന്ന് ടൊയോട്ട

രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള മോഡലുകൾക്ക് ഒന്നാകെ വിലകൂട്ടി ടൊയോട്ട. ഇന്നോവ, ഫോർച്യൂനർ, കാംമ്രി, വെൽഫെയർ എന്നീ ​മോഡലുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന നിർമ്മാണ ചിലവാണ് വില വർധിപ്പിക്കാൻ കാരണമെന്നാണ് സൂചന. ജനപ്രിയ എസ്.യു.വിയായ ഫോർച്യൂനറിന് 77,000 രൂപ വർധിച്ചു. ടോപ്പ്-സ്പെക്ക് ഫോർച്യൂണറിന് ഇപ്പോൾ 50.34 ലക്ഷം വില (എക്സ്-ഷോറൂം) വരും. ഇന്നോവ ക്രിസ്റ്റയുടെ വില 23,000 രൂപയും കൂട്ടിയിട്ടുണ്ട്.

2021 ജനുവരിയിൽ പുറത്തിറങ്ങുമ്പോൾ ടൊയോട്ട ഫോർച്യൂനർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 29.98 ലക്ഷം മുതൽ 37.43 ലക്ഷം വരെയായിരുന്നു. അന്ന് ഫോർച്യൂനർ ലെജൻഡർ വേരിയന്റും പുറത്തിറക്കിയിരുന്നു, അതിന്റെ വില 37.58 ലക്ഷമായിരുന്നു. 2021 ഒക്ടോബറിൽ ലെജൻഡർ 4WD മോഡലിന് 42.33 ലക്ഷം രൂപയായി വില വർധിച്ചു. 2022 മെയിൽ ടൊയോട്ട ഫോർച്യൂനറിന്റെ മറ്റൊരു വകഭേദം പുറത്തിറക്കി. ഈ ടോപ്പ്-സ്പെക്ക് GR സ്‌പോർട്ട് മോഡലിന് 48.43 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.

ഏറ്റവും പുതിയ വില വർധനയോടെ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള പെട്രോൾ, ഡീസൽ രൂപത്തിലുള്ള സ്റ്റാൻഡേർഡ് ഫോർച്യൂണറിന് ഇപ്പോൾ 19,000 രൂപ കൂടിയിട്ടുണ്ട്. 4WD പതിപ്പുകളുടെ വില 39,000 രൂപ വർധിച്ചു. ലെജൻഡർ, ജിആർ സ്‌പോർട് പതിപ്പുകളുടെ വില 77,000 രൂപയും വർധിച്ചിട്ടുണ്ട്.

ഇന്നോവ ക്രിസ്റ്റ വില വർധനവ്

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് 2020-ലാണ് പുറത്തിറക്കിയത്. ഇതിന്റെ വില 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ്. 2022 ജൂലൈയെ അപേക്ഷിച്ച്, എംപിവിയുടെ പെട്രോൾ പവർ, 7, 8 സീറ്റർ മാനുവൽ വേരിയന്റുകളുടെ വില 23,000 രൂപ വർധിപ്പിച്ചിട്ടുണ്ട്.

കാംമ്രി ഹൈബ്രിഡ്, വെൽഫയർ

കാംമ്രി ഹൈബ്രിഡ് സെഡാനും വെൽഫയർ ലക്ഷ്വറി എം‌പി‌വിയും ഒറ്റ ട്രിമ്മിലാണ് ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്. വെൽഫയറിന്റെ വില 1.85 ലക്ഷം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 94.45 ലക്ഷമാണ് വാഹനത്തിന്റെ വില. അതേസമയം കാംമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിന് 90,000 രൂപ വർധിക്കും. 45.25 ലക്ഷം രൂപയാണ് കാംമ്രിയുടെ ഇന്ത്യയിലെ പുതിയ വില.

Tags:    
News Summary - Toyota Fortuner, Innova Crysta prices hiked by up to Rs 77,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.