മുഖംമിനുക്കിയ മാരുതി ബലേനോയോടൊപ്പം ടൊയോട്ട ഗ്ലാൻസയും മാറുന്നു. മാരുതി ബലേനോയുടെ ബാഡ്ജ് എൻജിനീയേറിങ് പതിപ്പാണ് ഗ്ലാൻസ. അതിനാൽതന്നെ ഇത്തരമൊരു മാറ്റം പ്രതീക്ഷിച്ചിരുന്നതുമാണ്. പരിഷ്കരിച്ച ഗ്ലാൻസയുടെ ചിത്രങ്ങളും പുറത്തിറക്കൽ തീയതിയും ടൊയോട്ട പുറത്തുവിട്ടിട്ടുണ്ട്. മാർച്ച് 15നാകും വാഹനം നിരത്തിലെത്തുക. കഴിഞ്ഞ മാസമാണ് മാരുതി സുസുകി പുതുക്കിയ ബലേനോയെ ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ ബലേനോയില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെയാകും ഗ്ലാൻസ പുറത്തിറങ്ങുക. പരിഷ്കരിച്ച ബലേനോയിലെ എക്സ്റ്റീരിയർ പുതിയ ഇന്റീരിയർ എന്നിവ ഗ്ലാൻസയിലുണ്ടാകും.
പുതിയ ബലേനോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രോം ട്രിമ്മുകളിലും റേഡിയേറ്റർ ഗ്രിൽ, സ്പോർട്ടിയർ ഫ്രണ്ട് ബമ്പർ, എയർ ഇൻടേക്കിനുള്ള ഹണികോംബ് പാറ്റേൺ, ഫോഗ് ലാമ്പുകൾക്ക് ചുറ്റും ക്രോം ട്രിം എന്നിവ മാറ്റങ്ങളായിരിക്കും. ഗ്ലാൻസയ്ക്ക് 16 ഇഞ്ച് അലോയ് വീലുകൾക്ക് വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കും. ടെയിൽ ലൈറ്റുകളും ഹെഡ്‌ലാമ്പുകളും ബലേനോയിലേതിന് സമാനമായിരിക്കും. ഡി.ആർ.എല്ലുകൾക്കായി അൽപ്പം വ്യത്യസ്തമായ ഡിസൈൻ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, വോയ്‌സ് അസിസ്റ്റന്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് എസി, റിയർ എസി വെന്റുകൾ എന്നിവയും ഗ്ലാൻസയിലുണ്ട്.
2022 ടൊയോട്ട ഗ്ലാൻസയ്ക്ക് കരുത്തേകുന്നത് മാരുതി സുസുക്കിയുടെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാണ്. 90 ബിഎച്ച്പി കരുത്തു പകരും ഈ എൻജിൻ. ബലേനോയിൽ മാനുവൽ ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ടെങ്കിലും ഗ്ലാൻസയിൽ ഏതൊക്കെ വകഭേദങ്ങൾ ടൊയോട്ട കൊണ്ടുവരും എന്ന് വ്യക്തമല്ല. 2022 ബലേനോ പോലെ, പുതിയ ടൊയോട്ട ഗ്ലാൻസയും മുൻഗാമിയേക്കാൾ അൽപ്പം ചെലവേറിയതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.