ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കാനൊരുങ്ങി ടൊയോട്ട. ക്രിസ്റ്റ പെട്രോളിന്റെ ലിമിറ്റഡ് എഡിഷനാകും പുറത്തിറക്കുക. ഇന്നോവ ക്രിസ്റ്റ ജി.എക്സ് പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള പുതിയ വേരിയന്റിന്റെ മാനുവൽ മോഡലിന് 17.45 ലക്ഷം രൂപയാണ് വില. ഓട്ടോമാറ്റിക് പതിപ്പിന് 19.02 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) വിലവരും. ലിമിറ്റഡ് എഡിഷൻ പാക്കേജിന്റെ ഭാഗമായി, ഡീലർ തലത്തിൽ അധിക ചെലവില്ലാതെ ഇൻസ്റ്റാൾ ചെയ്‍ത പുതിയ ആക്‌സസറികൾ ഇന്നോവ ക്രിസ്റ്റ ജി.എക്സ് വാഗ്ദാനം ചെയ്യുന്നു.
കാത്തിരിക്കുന്നത് കിടിലൻ ഫീച്ചറുകൾ
ലിമിറ്റഡ് എഡിഷൻ വാഹനത്തിൽ പ്രധാനമായും മൂന്ന് പുതിയ ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അധിക വിലയിൽ ലഭ്യമായിരുന്ന ഒരുപിടി ഡീലർ ഇൻസ്റ്റാൾ ആക്‌സസറികളാണ് ഇപ്പോൾ മിഡ്-സ്പെക്ക് ഇന്നോവ ക്രിസ്റ്റ ജി.എക്സ് വാങ്ങുമ്പോൾ സൗജന്യമായി നൽകുന്നത്. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, വയർലെസ് ചാർജിങ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡീലർമാർ പറയുന്നതനുസരിച്ച്, ഈ മൂന്ന് ആക്‌സസറികൾക്കും ഏകദേശം 55,000 രൂപയാണ് വില. സൗജന്യ ആക്‌സസറികളുള്ള ഈ ലിമിറ്റഡ് എഡിഷൻ പാക്കേജ് ഒക്ടോബർ അവസാനം വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ലഭ്യമാകുമെന്നാണ് സൂചന.
അതേസമയം പുതിയ പെട്രോൾ-ഹൈബ്രിഡ് മോഡലിന് വഴിയൊരുക്കുന്നതിനായി ഇന്നോവ ക്രിസ്റ്റയുടെ ഡീസല്‍ പതിപ്പ് ഘട്ടംഘട്ടമായി നിർത്തലാക്കുന്നു എന്ന സൂചനയുണ്ട്. ഇന്ത്യയിലുടനീളമുള്ള ടൊയോട്ട ഡീലർമാർ ഡീസൽ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റ ഡീസൽ ബുക്കിങ് താൽക്കാലികമായി നിർത്തിയതായി ടൊയോട്ടയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ പെട്രോൾ ഇന്നോവ ക്രിസ്റ്റയാണ് നിർമ്മിക്കുന്ന് എന്നും ഡീസലിനു പകരം പെട്രോൾ മോഡൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാമെന്നും ടൊയോട്ട പറയുന്നു. ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി പുതിയൊരു മോഡൽ ഉടൻ എത്തുമോയെന്ന് വാഹന നിർമ്മാതാവ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്നോവ ക്രിസ്റ്റ പെട്രോളിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് ഉൾപ്പെടെ ഇക്കാര്യം ഉറപ്പിക്കുന്ന നിരവധി സൂചനകള്‍ ഉണ്ട്. പുതിയ മോഡല്‍ എത്തുന്നതിന് മുമ്പ് സ്റ്റോക്കുകൾ ക്ലിയർ ചെയ്യാനുള്ള നീക്കവും കമ്പനി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ പുതുതലമുറ ഇന്നോവ ക്രിസ്റ്റയുടെ പണിപ്പുരയിലാണ് ടൊയോട്ട കമ്പനി. ടൊയോട്ട സി-എംപിവി എന്ന് കമ്പനി വിളിക്കുന്ന ഇന്നോവ ഹൈക്രോസ് എന്ന പുതിയ വാഹനം ഈ വർഷം നവംബറിൽ ആഗോളതലത്തിൽ അരങ്ങേറും. നിലവിലെ ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പം വിൽക്കാൻ സാധ്യതയുള്ള ഇന്നോവ ഹൈക്രോസ് ഒരു മോണോകോക്ക് മൂന്ന്-വരി സീറ്റുള്ള എം.പി.വി ആയിരിക്കും. അത് പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനും വിശാലമായ ക്യാബിനും സഹിതം വരും.
ഇന്നോവ ഹൈക്രോസിന്റെ വില പ്രഖ്യാപനം 2023 ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 18 വേരിയന്റുകളിലായി വിപണിയിലെത്തിയിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 16.52 ലക്ഷം മുതൽ 24.59 ലക്ഷം രൂപ വരെയാണ് വില. ഡീസൽ പടിയിറങ്ങിയതോടെ വിലയുടെ കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.