അർബൻ ക്രൂസർ ഹൈറൈഡറിന് പിന്നാലെ മറ്റൊരു മോഡൽകൂടി ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിക്കാനൊരുങ്ങുന്നു. ഇന്നോവ ഹൈക്രോസ് എന്ന പേരിട്ടിരിക്കുന്ന വാഹനം 2022 നവംബറിൽ അവതരിപ്പിക്കുമെന്നാണ് സൂചന. സെപ്റ്റംബറിലാണ് അർബൻ ക്രൂസർ ഹൈറൈഡർ പുറത്തിറക്കുന്നത്. പിന്നാലെ ഹൈക്രോസും അവതരിപ്പിക്കും. 2023 ജനുവരിയിൽ വാഹനത്തിന്റെ പുറത്തിറക്കലും വില പ്രഖ്യാപനവും നടന്നേക്കും. നിലവിലുള്ള ഇന്നോവ ക്രിസ്റ്റയ്‌ക്കൊപ്പമായിരിക്കും പുതിയ ഹൈക്രോസും വിൽക്കുക.
പെട്രോൾ-മൈൽഡ് ഹൈബ്രിഡ് പവർട്രെയിനുമായി വരുന്ന വാഹനമാണ് ഹൈക്രോസ്. ഇന്നോവ ഹൈക്രോസ് ഇന്തോനേഷ്യ പോലുള്ള വിപണികളിൽ വിൽക്കുന്ന ആഗോള മോഡലായിരിക്കും. വിദേശത്ത് 'ഇന്നോവ സെനിക്സ്' എന്നായിരിക്കും വാഹനം അറിയപ്പെടുക. ലാഡർ-ഫ്രെയിം ആർക്കിടെക്ചറിന് പകരം ഭാരം കുറഞ്ഞ മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും മോഡൽ ഡിസൈൻ ചെയ്യുക. പിൻ-വീൽ ഡ്രൈവിന് പകരം ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനമായിരിക്കും ഇത്. ഏകദേശം 4.7 മീറ്റർ നീളവും 2890 എംഎം വീൽബേസുമായിരിക്കും വാഹനത്തിന്.
ഡിസൈനിന്റെ കാര്യത്തിൽ, ഇന്നോവ ക്രിസ്റ്റയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഹൈക്രോസ്. ഗ്ലോബൽ-സ്പെക്ക് ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി, വെലോസ് എം.പി.വി എന്നിവയിൽ നിന്ന് ചില സ്റ്റൈലിങ് ബിറ്റുകൾ കടമെടുത്താണ് ഹൈക്രോസ് നിർമിക്കുക. ദൈർഘ്യമേറിയ വീൽബേസ് കാരണം കൂടുതൽ ക്യാബിൻ സ്പേസ് ഉണ്ടായിരിക്കും. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായി, ഹൈക്രോസിലും ഒന്നിലധികം സീറ്റിങ് കോൺഫിഗറേഷനുകൾ ലഭിക്കും. കിയ കാർണിവല്ലിന്റെ പ്രധാന എതിരാളിയായി ഇന്നോവ ഹൈക്രോസ് മാറാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.