ഉപഭോക്താക്കൾക്ക് പുതിയ അനുഭവം സമ്മാനിക്കാൻ വിർച്വൽ ഷോറൂം അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർസ്. നേരിട്ട് ഡീലർഷിപ്പുകളിൽ എത്താതെതന്നെ ഏതൊരു ടൊയോട്ട വാഹനവും കാണാനും സവിശേഷതകൾ പരിശോധിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വെർച്വൽ ഷോറൂമിൽ നിന്ന് നേരിട്ട് വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. മികച്ച ഓഫറുകൾ, ഫിനാൻസ് ഓപ്ഷനുകൾ, ലോൺ ആപ്ലിക്കേഷനുകൾ എന്നിവയും വിർച്വൽ ഷോറൂമിലൂടെ അറിയാനാകും.
വെർച്വൽ ഷോറൂം പരിശോധിക്കാനായി ഉപഭോക്താക്കൾക്ക് ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ടതില്ല. www.toyotabharat.com/virtual-showroom/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് വാഹനം പരിശോധിക്കേണ്ടത്. സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് തുടങ്ങി ഏതിലൂടെയും ഏതാനും ചില ക്ലിക്കുകളിലൂടെ നമ്മുക്ക് വിർച്വൽ ഷോറൂമിലെത്താം.
എല്ലാ വാഹനങ്ങളുടേയും 360 ഡിഗ്രി ബാഹ്യ-ആന്തരിക കാഴ്ചകളും ലഭ്യണ്. ഇഷ്ട വാഹനങ്ങളുടെ വിവിധ വകഭേദങ്ങളും കളർ ഓപ്ഷനുകളും ഇതുവഴി പരിശോധിക്കാനുമാകും. ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകളിൽ ഓഗ്മെൻറഡ് റിയാലിറ്റി മോഡ് ഉപയോഗിച്ച് ഗാരേജിലോ പോർട്ടിക്കോയിലോ പാർക്ക് ചെയ്യുമ്പോൾ ടൊയോട്ട വാഹനം എങ്ങനെ കാണപ്പെടും എന്നും അറിയാനുള്ള സൗകര്യവുമുണ്ട്. ഒാരോരുത്തരുടേയും പരിധിയിലുള്ള ഡീലർഷിപ്പിലേക്കോ അവരുടെ വീട്ടിലേക്കോ സുരക്ഷിതമായ ഡെലിവറിക്ക് ബുക്ക് ചെയ്യുവാനും വിർച്വൽ ഷോറൂമിലുടെ കഴിയും.
ഇന്ത്യൻ വിപണിയിലുള്ള ടൊയോട്ടയുടെ വാഹനങ്ങളായ വെൽഫയർ, കാമ്രി, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, അർബൻ ക്രൂസർ, ഗ്ലാൻസ എന്നിവയെല്ലാം വിർച്വൽ ഷോറൂമിൽ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.