ലഖ്നോ: ഹൈബ്രിഡ് വാഹനങ്ങൾക്ക് യു.പി സർക്കാർ നൽകിയ നികുതിയിളവ് നേട്ടമാക്കാനൊരുങ്ങി ജാപ്പനീസ് വാഹനനിർമാതക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും ഹോണ്ടയുമ. ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപന വ്യാപിപ്പിക്കാനായി വലിയ പ്രചാരണ പ്രവർത്തനങ്ങളാണ് ഇരു കമ്പനികളും സംഘടിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ പരസ്യം മുതൽ ടെലിമാർക്കറ്റിങ് കോളുകൾ വരെ ഇതിനായി ഇരു കമ്പനികളും ഉപയോഗിക്കുന്നുണ്ട്.
അതേസമയം, നികുതി ഇളവിൽ വിമർശനവുമായി ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ രംഗത്തെത്തി യു.പി സർക്കാറിന്റെ തീരുമാനം തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയെ ബാധിക്കുമെന്നാണ് മറ്റ് വാഹനനിർമാതാക്കൾ ഭയപ്പെടുന്നത്. യു.പിയുടെ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളും നീങ്ങിയാൽ അത് വാഹനനിർമാതക്കളെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്.
ലഖ്നോവിലുള്ള ടൊയോട്ട ഷോറും അധികൃതർ കഴിഞ്ഞ ആറ് മാസത്തിനിടെ ഷോറും സന്ദർശിച്ചവരെ ഫോണിൽ വിളിച്ച് ഹൈബ്രിഡ് കാറുകൾക്ക് വേണ്ടി പരമാവധി പ്രചാരണം നടത്തുന്നുണ്ട്. ടൊയോട്ട വെൽഫെയർ, കാംറി സെഡാൻ എന്നിവക്കെല്ലാം ലക്ഷങ്ങളുടെ വിലകിഴിവാണ് നികുതി കുറച്ചതിലൂടെ ഉണ്ടാവുക. പരമാവധി നാല് വരെ ഇളവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതിക്കും ഫ്രോങ്ക്സിൽ തുടങ്ങി സിയാസ് വരെയുള്ള ഹൈബ്രിഡ് മോഡലുകളുണ്ട്. മറ്റൊരു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടക്കും അവരുടെ പ്രീമിയം സെഡാനായ സിറ്റിയുടെ ഹൈബ്രിഡ് വേർഷനുണ്ട്. നേരത്തെ റോഡ് രജിസ്ട്രേഷൻ നികുതി സ്ട്രോങ് ഹൈബ്രിഡ്, ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങൾക്ക് യു.പി സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. എട്ട് മുതൽ 10 ശതമാനം വരെ നികുതിയാണ് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.