ലാൻഡ്ക്രൂസറിനെ വെല്ലും ഈ സെക്വോയ; ഇത് ടൊയോട്ടയുടെ തുറുപ്പുശീട്ട്

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ആഗോള വിപണിയിൽ പുതിയ 2023 സെക്വോയ എസ്‌യുവി അവതരിപ്പിച്ചു. ടൊയോട്ടയിൽ നിന്നുള്ള പൂർണ്ണ വലുപ്പമുള്ള എസ്‌യുവിക്ക് 3.5 ലിറ്റർ ഐ-ഫോഴ്സ് മാക്സ് ട്വിൻ-ടർബോചാർജ്‍ഡ് V6 ഹൈബ്രിഡ് എഞ്ചിൻ ആണ് കരുത്തുപകരുന്നത്. 2022 ടൊയോട്ട തുന്ദ്രയുടെ അതേ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡൽ വരുന്നത്, കൂടാതെ 9,000 പൗണ്ട് (4082 കിലോഗ്രാം) ഭാരമുണ്ട്. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്.

മറ്റ് വിപണികൾക്കുമുമ്പ് വടക്കേ അമേരിക്കയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ സെക്വോയ എസ്‌യുവിയുടെ വിശദാംശങ്ങളും ചിത്രങ്ങളും ടൊയോട്ട പുറത്തുവിട്ടു. 2008ൽ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ എസ്‌യുവിക്ക് പകരമായാണ് പുതിയ 2023 മോഡൽ സെക്വോയ വരുന്നത്.

എന്താണ് ടൊയോട്ട സെക്വോയ?

പ്രാഥമികമായി നോർത്ത് അമേരിക്കൻ, മിഡിൽ ഈസ്റ്റേൺ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളെ ലക്ഷ്യം വച്ചുള്ള സെക്വോയ ഇപ്പോൾ ലാൻഡ് ക്രൂയിസർ 200-ന് പകരം ടൊയോട്ടയുടെ മുൻനിര എസ്‌യുവിയായി മാറും. കാരണം ലാൻഡ് ക്രൂയിസർ 300 അവിടെ അവതരിപ്പിക്കാൻ ബ്രാൻഡിന് പദ്ധതിയില്ല.

പുതിയ സെക്വോയ തുന്ദ്ര പിക്കപ്പ് ട്രക്കുമായും ലാൻഡ് ക്രൂയിസർ 300, ലെക്സസ് LX600 ആഡംബര എസ്‌യുവിയുമായും ചില ഭാഗങ്ങള്‍ പങ്കിടുന്നു. സെക്വോയയിൽ സ്വതന്ത്ര ഫ്രണ്ട് സസ്പെൻഷനും പിന്നിൽ മൾട്ടി-ലിങ്ക് ലേഔട്ടും സജ്ജീകരിച്ചിരിക്കുന്നു. അഡാപ്റ്റീവ് ഡാംപറുകളും പിന്നിൽ ലോഡ്-ലെവലിങ് എയർ സിസ്റ്റവും ഓപ്ഷനുകളായി ലഭ്യമാണ്.

എഞ്ചിൻ

സിംഗിൾ 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോൾ എഞ്ചിൻ ആണ് വാഹനത്തിന്. കമ്പനി ഐ-ഫോഴ്‌സ് മാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ എഞ്ചിൻ, മുൻ തലമുറ സെക്വോയയിൽ ലഭ്യമായിരുന്ന V8-ന് പകരം 437 എച്ച്‌പി പകരുന്നു. പത്ത് സ്പീഡ് ഓട്ടോമാറ്റിക് മാത്രമാണ് ഗിയർബോക്‌സ്. എല്ലാ ട്രിം ലെവലുകൾക്കുമായി ഉപഭോക്താക്കൾക്ക് രണ്ട് അല്ലെങ്കിൽ ഓപ്ഷണൽ പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ് സിസ്റ്റം തിരഞ്ഞെടുക്കാം. TRD പ്രോ പാക്കേജ് 4WD-ൽ മാത്രമേ ലഭ്യമാകൂ.

ചില വകഭേദങ്ങളുടെ ഫോർ-വീൽ-ഡ്രൈവ് പതിപ്പുകൾക്ക് TRD ഓഫ്-റോഡ് പാക്കേജും ലഭിക്കും. ലോക്കിങ് റിയർ ഡിഫറൻഷ്യൽ, 18 ഇഞ്ച് വീലുകൾ, മൾട്ടി-ടെറൈൻ സെലക്ട് സിസ്റ്റം, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, ക്രാൾ കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഫോക്‌സ് ഇന്റേണൽ ബൈപാസ് ഷോക്കുകളും 0.25 ഇഞ്ച് ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ലോക്കിങ് റിയർ ഡിഫറനിയൽ, മൾട്ടി-ടെറൈൻ സെലക്‌ട്, ക്രാൾ കൺട്രോൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം വരുന്ന സെക്വോയയുടെ TRD പ്രോ പതിപ്പും ടൊയോട്ട പുറത്തിറക്കും. മുൻവശത്തെ ഗ്രില്ലിന്റെ ഭാഗമായി എൽഇഡി ലൈറ്റ് ബാറും മേൽക്കൂരയിൽ ഒരു സ്റ്റോറേജ് റാക്കും ഉണ്ട്.

ആഗോള വിപണിയിൽ ഈ വേനൽക്കാലത്ത് പുതിയ എസ്‌യുവിയുടെ വിൽപ്പന കമ്പനി ആരംഭിക്കും. അതേസമയം വാഹനത്തിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ഉടൻ പ്രതീക്ഷിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - Toyota Sequoia full-size SUV revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.