തകരാർ കണ്ടെത്തിയതിനെ തുടർന്ന് അർബൻ ക്രൂസർ ഹൈറൈഡർ എസ്.യു.വി തിരിച്ചുവിളിച്ച് ടൊയോട്ട. 1000 ൽ താഴെ യൂനിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. സീറ്റ് ബെൽറ്റിന്റെ ഹൈറ്റ് അഡ്ജസ്റ്ററിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ടൊയോട്ട വെളിപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 994 വാഹനങ്ങളെയാണ് തകരാർ ബാധിച്ചിരിക്കുന്നത്.
മുന്നിലെ സീറ്റ് ബെൽറ്റിന്റെ ഉയരം ക്രമീകരിക്കുന്നിടത്താണ് പ്രശ്നമെന്നാണ് ടൊയോട്ട എഞ്ചിനീയർമാരുടെ വിലയിരുത്തൽ. വാഹനം തിരിച്ചുവിളിച്ച് തകരാറുണ്ടോ എന്ന് പരിശോധിക്കും. പ്രശ്നമുണ്ടെങ്കിൽ അത് സൗജന്യമായി പരിഹരിക്കുകയും ചെയ്യും.
ഹൈറൈഡറിന്റെ തിരിച്ചുവിളി മാരുതി ഗ്രാൻഡ് വിറ്റാരയെയും ബാധിക്കുമെന്നാണ് സൂചന. കർണാടകയിലെ ബിദാദിയിലുള്ള ടൊയോട്ട പ്ലാന്റിലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ നിർമ്മിക്കുന്നത്. അതേ പ്ലാന്റിൽതന്നെയാണ് മാരുതി സുസുകി ഗ്രാൻഡ് വിറ്റാരയും നിർമ്മിക്കുന്നത്. ടൊയോട്ടയുമായി പവർട്രെയിൻ, ഘടകങ്ങൾ, എന്നിവ പങ്കിടുന്ന വാഹനമാണ് ഗ്രാൻഡ് വിറ്റാര. തൽഫലമായി, ഈ തിരിച്ചുവിളി മാരുതി സുസുകി ഗ്രാൻഡ് വിറ്റാരയുടെ ചില മോഡലുകളെയും ബാധിക്കും.
ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ രണ്ട് എഞ്ചിനുകളിൽ ലഭ്യമാണ്. 1.5-ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, മൈൽഡ്-ഹൈബ്രിഡ് മോഡലും 1.5-ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ-ഹൈബ്രിഡ് മോഡലുമാണുള്ളത്. മൈൽഡ്-ഹൈബ്രിഡിന് 10.48 ലക്ഷം മുതൽ 17.19 ലക്ഷം വരെയാണ് വില. മാനുവൽ ട്രാൻസ്മിഷനും ഓൾ വീൽ ഡ്രൈവും ലഭിക്കുന്നതിനുള്ള ഏക വേരിയന്റാണ് ടോപ്പ് സ്പെക്ക് മോഡൽ. ഹൈബ്രിഡ് ശ്രേണിക്ക് 15.11 ലക്ഷം മുതൽ 18.99 ലക്ഷം വരെയാണ് വില. വരും ദിവസങ്ങളിൽ സിഎൻജി വേരിയന്റുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.