ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഹൈപ്പർ പെർഫോമൻസ് വിഭാഗത്തിൽപ്പെടുന്ന ബൈക്കിന്റെ പേര് ടി.ഇ വൺ എന്നാണ്. ഏറെ നാളായി പണിപ്പുരയിലുള്ള വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 160 കിലോമീറ്റർ റേഞ്ചാണ് ഒറ്റ ചാർജിൽ വാഗ്ദാനം ചെയ്യുന്നത്. 3.6 സെക്കൻഡിൽ പൂജ്യത്തിൽനിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുണ്ട്.
ഹാർലി ഡേവിഡ്‌സന്റെ ലൈവ് വയർ വൺ എന്ന പ്രധാന എതിരാളിയേക്കാൾ 25 ശതമാനം ഭാരം കുറഞ്ഞതാണ് തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്ന് ട്രയംഫ് അവകാശപ്പെടുന്നു. പൂർണമായും അലൂമിനിയം കൊണ്ട് നിർമിച്ച ഫ്രെയിമിലുള്ള ബൈക്കിന് 220 കിലോഗ്രാം ഭാരമാണുള്ളത്. 25 മിനിറ്റിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാം എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. ഇത്രയും മികച്ച ചാർജിങ് വേഗതയുള്ള മോഡലുകളൊന്നും നിലവിൽ വിപണിയിലില്ല.
15 കിലോഗ്രാം ഭാരമുള്ള മോട്ടോർ/ഇൻവെർട്ടർ ആണ് ട്രയംഫ് ടി.ഇ വണ്ണിന് കരുത്തുപകരുന്നത്. 175 bhp കരുത്ത് മോട്ടോർ ഉത്പ്പാദിപ്പിക്കും. ട്രയംഫിന്റെ സ്ട്രീറ്റ്/സ്പീഡ് ട്രിപ്പിൾ ലൈനപ്പിനെ അനുസ്മരിപ്പിക്കുന്ന രൂപമാണ് പുതിയ ഇ.വിക്കും. സിഗ്നേച്ചർ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകൾ, കൂർത്ത ആകൃതിയിലുള്ള ടാങ്ക് എക്സ്റ്റെൻഷനുകൾ, സ്വീപ്പ്ഡ് സീറ്റ് എന്നിവയെല്ലാം ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന സ്‌പോർട്ടി റോഡ്‌സ്റ്ററുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഡിസൈൻ സവിശേഷതകളാണ്.
വില്യംസ് അഡ്വാൻസ്ഡ് എഞ്ചിനീയറിങ്, ഇന്റഗ്രൽ പവർട്രെയിൻ ലിമിറ്റഡ്, വാർവിക് യൂനിവേഴ്‌സിറ്റിയിലെ ഡബ്ല്യുഎംജി തുടങ്ങി ഇലക്ട്രിക് വാഹന വിപണിയിലെ ചില വലിയ ബ്രാൻഡുകളുമായി സഹകരിച്ചാണ് ട്രയംഫ് ടി.ഇ വൺ നിർമിച്ചിരിക്കുന്നത്. ഗേറ്റ്സ് കാർബൺ ബെൽറ്റ് ഡ്രൈവ്, ഓഹ്ലിൻസ് യു.എസ്.ഡി കാട്രിഡ്ജ് ഫോർക്കുകൾ, ബ്രെംബോ എം 50 മോണോബ്ലോക്ക് കാലിപ്പറുകൾ, ട്രയംഫിന്റെ മോട്ടോർസൈക്കിൾ കൺട്രോൾ സോഫ്റ്റ്‌വെയർ എന്നിവയെല്ലാം ബൈക്കിൽ ഉൾപ്പെടുന്നുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ബൈക്കിലുണ്ട്.
നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലുള്ള ബൈക്കിൽ മോട്ടോർ-ജനറേറ്റർ യൂനിറ്റിലും ട്രാൻസ്മിഷനിലും മികച്ച കാര്യക്ഷമതയ്ക്കായി കൂടുതൽ ഒപ്റ്റിമൈസേഷൻ നടത്താം. ഇത് ഭാവിയിൽ റേഞ്ച് വർധിക്കാനിടയാക്കും. ബൈക്കിന്റെ നിർമാണം എന്നു തുടങ്ങും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ല. ആറ് മാസത്തിനുള്ളിൽ പെർഫോമൻസ്, കോർ, ഡൈനാമിക് റൈഡർ വിലയിരുത്തലുകൾ എന്നിവയ്ക്കായി ബൈക്കിന്റെ സമ്പൂർണ റോഡ്, ട്രാക്ക് ലൈവ് ടെസ്റ്റിങ് എന്നിവ നടത്തുമെന്നാണ് ട്രയംഫ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.